അമിത വേഗതയിലെത്തിയ കാറിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: അമിതവേഗതയില്‍ വന്ന ആള്‍ട്ടോ കാര്‍ ഇടിച്ച്  ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഓച്ചിറയില്‍ നിന്ന് കരുനാഗപ്പള്ളി ഭാഗത്തേക്ക് വന്ന കാര്‍ ദേശീയപാതയില്‍ പുള്ളിമാന്‍ ജങ്ഷനില്‍ പെട്രോള്‍ പമ്പിന് സമീപം അതേദിശയില്‍ വന്ന സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന റജീന (27),അന്‍സാര്‍ (25), അല്‍ത്താഫ് (ഒമ്പത്) എന്നിവരെ പരിക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നടത്തി ശാസ്താംകോട്ടയിലെ  സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അമിതവേഗതയില്‍ മുന്നോട്ട് പോയ കാര്‍ അതേദിശയില്‍ കരുനാഗപ്പള്ളിക്ക് പോയിക്കൊണ്ടിരുന്ന ബൈക്കിലിടിച്ച് അന്‍പത് മീറ്ററോളം വലിച്ചിഴച്ച് മുന്നോട്ട് പോയി. റോഡില്‍ നിന്നും വിട്ടു നിന്ന ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും പരിക്കുപറ്റി. ബൈക്കിലുണ്ടായിരുന്ന സഹോദരങ്ങളായ ഇടക്കുളങ്ങര കൊപ്പാറതറ വടക്കതില്‍ നിജില (21), നിജീഷ്, ഓട്ടോ ഡ്രൈവര്‍ ഇടക്കുളങ്ങര തോപ്പില്‍ കിഴക്കതില്‍ പ്രസന്നന്‍ (50) എന്നിവരെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കോടിച്ചിരുന്ന നിജീഷ് അബോധാവസ്ഥയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. കാറും ബൈക്കും പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ വന്ന ഓച്ചിറ മേമന സ്വദേശികളായ പേരുകുറ്റിയില്‍ രാഹുല്‍ (18), കുറ്റിയില്‍ തെക്കതില്‍ അന്‍വര്‍ഷാ (18), അര്‍ജ്ജുന്‍ ഭവനത്തില്‍ അര്‍ജ്ജുന്‍(19) എന്നിവരെ നിസ്സാര പരിക്കുകളോടെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും താലൂക്കാശുപത്രിയില്‍ നിന്നും സ്ഥലം വിട്ടു. പോലിസ് വൈകിയെത്തിയത് മൂലം ഇവര്‍ രക്ഷപെട്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

RELATED STORIES

Share it
Top