അമിത നിര്‍മാണങ്ങളുടെ നാട്

അണബോംബ് പൊട്ടുമ്പോള്‍- 2 - ജോണ്‍ പെരുവന്താനം

അതീവ ദുര്‍ബലമായ പാരിസ്ഥിതിക ഘടനയുള്ള പ്രദേശങ്ങളില്‍ പ്രകൃതിക്കു മീതെ മനുഷ്യന്‍ ഏല്‍പിക്കുന്ന ആഘാതങ്ങളുടെ തിരിച്ചടികളാണ് നാം ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളൊക്കെത്തന്നെ. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കോയമ്പത്തൂര്‍)യിലെ ശാസ്ത്രകാരന്‍മാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മൂന്നാര്‍ കേന്ദ്രീകരിച്ച് ഹൈ ആള്‍ട്ടിറ്റിയൂഡ് മേഖലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതകളെക്കുറിച്ചു പഠനം നടത്തുന്നുണ്ടായിരുന്നു. ജൂലൈയില്‍ ഇതുസംബന്ധിച്ച് വിശദമായ പഠന റിപോര്‍ട്ട് അവര്‍ പുറത്തുവിട്ടിരുന്നു.
അവര്‍ ചൂണ്ടിക്കാണിച്ചിരുന്ന മുഴുവന്‍ പ്രദേശത്തും അതിശക്തമായി ഉരുള്‍പൊട്ടുകയും നിരവധി ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ആ റിപോര്‍ട്ട് പുറത്തുവന്ന സമയത്തെങ്കിലും ആ മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.
കേരളം മനുഷ്യനു വാസയോഗ്യമല്ലാത്ത ഡെയ്ഞ്ചര്‍ സോണായി മാറിക്കൊണ്ടിരിക്കുകയാണ്. ശരാശരി 35 കി.മീ മാത്രം വീതിയുള്ള കേരളത്തില്‍ 2.5 ലക്ഷം കി.മീ റോഡുകളാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 30 ലക്ഷം കി.മീ മതിലുകള്‍ നിര്‍മിച്ച സംസ്ഥാനമാണ് കേരളം. ഒരു കോടി കുടുംബങ്ങള്‍ക്ക് 1.5 കോടി വീടുകളാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്. മൂന്നു കോടി മനുഷ്യരുള്ള കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 1.20 കോടിയാണ്. 40 ലക്ഷം കുഴല്‍ക്കിണറുകളാണ് കേരളത്തില്‍ കുഴിച്ചിരിക്കുന്നത്. 28 ലക്ഷം കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ട് വില്‍ക്കാനോ വാടകയ്ക്കു കൊടുക്കാനോ കഴിയാതെ വെറുതെ കിടപ്പുണ്ട്. 16 ലക്ഷം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ പൂട്ടിയിട്ടിരിക്കുന്നു.
വികസനത്തിനായി ബലിയര്‍പ്പിക്കാന്‍ കേരളത്തില്‍ ഇനി കാടുകളും പുഴകളും കുന്നുകളും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഇല്ലെന്ന യാഥാര്‍ഥ്യം ഭരണാധികാരികള്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല. സങ്കുചിത സാമ്പത്തിക താല്‍പര്യങ്ങള്‍ കാടു മുതല്‍ കടല്‍ വരെയുള്ള സര്‍വ മേഖലകളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുനര്‍ചിന്ത മാത്രമാണ് നമുക്കു മുന്നിലുള്ള മാര്‍ഗം. എന്നാല്‍, പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട് അത്തരത്തിലുള്ള ഒട്ടേറെ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണ് കേരളം എന്ന യാഥാര്‍ഥ്യം ഓര്‍മിക്കേണ്ടതുണ്ട്.
പശ്ചിമഘട്ടം മാത്രമല്ല, ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും പുഴകളും കടലുമെല്ലാം മൂലധന താല്‍പര്യങ്ങള്‍ക്കായി വകമാറ്റിക്കൊണ്ടേയിരിക്കുന്ന പ്രക്രിയയായി ഭരണനിര്‍വഹണം മാറിയിരിക്കുന്നു. സങ്കീര്‍ണമായ ഈ സാമൂഹിക-രാഷ്ട്രീയ-പാരിസ്ഥിതിക പ്രതിസന്ധിയെ അതിന്റെ സമഗ്രതയില്‍ വിലയിരുത്തിയാല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രകൃതിക്ഷോഭമോ പ്രകൃതിദുരന്തമോ അല്ല, മനുഷ്യനിര്‍മിതമായ കൂട്ടക്കുരുതിയാണെന്നു മനസ്സിലാവും. അത്യാസക്തിയും ദുരയും മൂത്ത മനുഷ്യന്‍ പ്രകൃതിക്കു മേല്‍ നടത്തിയ അത്യാചാരങ്ങളുടെ അനന്തരഫലമായ കൂട്ടക്കുരുതികള്‍. കേരളത്തില്‍ മലയോരങ്ങളിലും ഇടനാട്ടിലും തീരദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഈ കൂട്ടക്കുരുതിക്ക് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും വിചാരണ ചെയ്യപ്പെടേണ്ടതാണ്.
കേരളത്തിലെ നദികള്‍ മറ്റു സ്ഥലങ്ങളിലെ നദികള്‍ പോലെ രൂപപ്പെട്ടിട്ടുള്ളതല്ല. ഭൂമിയുടെ വിള്ളലുകളിലൂടെയും പൊട്ടലുകളിലൂടെയും രൂപപ്പെട്ടിട്ടുള്ള നദികളുടെ ഓരങ്ങളിലെ ചെങ്കുത്തായ മലകളിലെ ഇടപെടലുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്. തലങ്ങും വിലങ്ങും ലീനിയമെന്റുകളും ഭ്രംശമേഖലകളും നിറഞ്ഞ കേരള പശ്ചിമഘട്ടത്തിലെ പ്രകൃതിദുരന്തങ്ങള്‍ മനുഷ്യനിര്‍മിതങ്ങളാണ്.
സമുദ്രനിരപ്പില്‍ നിന്നു 8000 അടി ഉയരം വരെ ജനവാസമുള്ള പ്രദേശമാണ് കേരളം. 50 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലിലുമായി 4000ലധികം പേര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിച്ചത്. ഉരുള്‍പൊട്ടലിന്റെ എണ്ണം വര്‍ധിച്ചത് 50 വര്‍ഷത്തിനിടയിലാണ്. ഇതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ വംശഹത്യയിലേക്കു നയിക്കുന്ന വികസനമാണ് ഉത്തരവാദിയെന്നു കണ്ടെത്താനാകും. അണക്കെട്ടുകള്‍ നിറയുമ്പോള്‍ ഭൗമപാളികള്‍ക്കു മീതെ ഉണ്ടാവുന്ന സമ്മര്‍ദം ഉരുള്‍പൊട്ടലിനും മലയിടിച്ചിലിനും കാരണമാവുന്നു. ഇടുക്കിയില്‍ 3000ലധികം ഉരുള്‍പൊട്ടല്‍ മേഖലകളാണുള്ളത്.
16 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ റോഡ് നിര്‍മാണം പാടില്ല. എന്നാല്‍, 80 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ മലയോരങ്ങളിലെ ലക്ഷക്കണക്കിനു നിര്‍മിതികള്‍ ഏതു നിമിഷവും അറബിക്കടലിലേക്ക് ഒലിച്ചുവരാം. പശ്ചിമഘട്ട മലനിരകള്‍ തകര്‍ക്കപ്പെടുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും തകര്‍ക്കും എന്നതിനാല്‍ ഈ മേഖലയിലെ ഇടപെടലുകള്‍ വിവേകത്തോടെ വേണമെന്ന നിര്‍ദേശം വച്ചതിനാണ് ഗാഡ്ഗിലിനെതിരേ ഖനന ലോബിയും ടൂറിസം ലോബിയും കൈയേറ്റ മാഫിയയും ചേര്‍ന്ന് കൊലവിളി നടത്തുന്നത്.
അണക്കെട്ടുകളുടെ ആധിക്യം കേരളത്തെ മൊത്തത്തില്‍ ദുരന്തഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഇതൊഴിവാക്കാന്‍ കാലഹരണപ്പെട്ട അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യേണ്ടതാണ്. ഗാഡ്ഗില്‍ റിപോര്‍ട്ടില്‍ 60 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള അണക്കെട്ടുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്നു നിര്‍ദേശമുണ്ട്. വയസ്സന്‍മാരായ 28 അണക്കെട്ടുകള്‍ കേരളത്തില്‍ ഏതു നിമിഷവും ദുരന്തമുണ്ടാക്കാവുന്ന അവസ്ഥയിലാണ്.
സംഭവിച്ച തെറ്റുകള്‍ക്ക് മാപ്പു പറയുന്നതിനു പകരം ഇപ്പോള്‍ പോലും ഭരണാധികാരികള്‍ നിഷേധാത്മകമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. 100 വര്‍ഷത്തിലൊരിക്കല്‍ മഹാപ്രളയം ഉണ്ടാകും, കുറേ പേര്‍ മരിക്കും, കുറേ പേര്‍ ജീവിക്കും, ബാക്കിയുള്ളവര്‍ ജീവിതയാത്ര തുടരും എന്നൊക്കെ പ്രസ്താവിച്ചുകൊണ്ടാണ് ഒരു മന്ത്രി രംഗത്തുവന്നത്. ദുരന്തഭൂമിയില്‍ ശവം തേടിയിറങ്ങുന്ന കഴുകനാണ് ഗാഡ്ഗില്‍ എന്നാണ് മറ്റൊരു കൈയേറ്റക്കാരനായ നേതാവ് വിശേഷിപ്പിച്ചത്.
ഭൂമിയിലെ ജനസംഖ്യാ പെരുപ്പം ഇതര ജീവജാലങ്ങളുടെ നിലനില്‍പിനു പോലും ഭീഷണിയാവുകയാണ്. നവകേരള നിര്‍മാണത്തിനു വേണ്ടി വീണ്ടും മലനിരകളെ തച്ചുതകര്‍ക്കാനും ഇടിച്ചുനിരത്താനുമാണ് സര്‍ക്കാര്‍ നീക്കം. വികലമായ വികസന നയങ്ങള്‍ തിരുത്തുകയാണ് ഭാവിക്കു വേണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടത്.
ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിരുദ്ധ സമരം ആളിക്കത്തിയ ഇടങ്ങളിലാണ് ഉരുള്‍പൊട്ടലും മലയിടിച്ചിലും ജീവഹാനിയും ഏറെയുണ്ടായത്. അതീവ ഗുരുതരമായ അപകടസാധ്യതയുള്ള ആയിരക്കണക്കിനു സ്ഥലങ്ങളില്‍ എല്ലാവിധ നിയമങ്ങളും ലംഘിച്ച് വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, വരള്‍ച്ച, മാരകമായ രോഗങ്ങള്‍, ഭൂചലനങ്ങള്‍, സമുദ്രങ്ങളുടെ തീരമെടുക്കല്‍ തുടങ്ങിയ പ്രതിഭാസങ്ങളെ പഠിക്കാനും മനുഷ്യനു ജീവിക്കാന്‍ കഴിയുന്ന പ്രകൃതിസന്തുലനമുള്ള ഒരു ആവാസവ്യവസ്ഥയായി ഭൂമിയെ സംരക്ഷിക്കാന്‍ ഉതകുന്ന തരത്തിലുള്ള പ്രകൃതിസൗഹൃദ വികസന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും ഗവണ്‍മെന്റ് തയ്യാറല്ല.
അണക്കെട്ടുകളുടെ ആധിക്യമാണ് കേരളം നേരിടുന്ന മുഖ്യപ്രതിസന്ധി. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരിഗണിക്കുമ്പോള്‍ അടിസ്ഥാന സമീപനമായി എടുക്കേണ്ടത് മനുഷ്യന്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ ഭൂമിയും ഭൂമിയുടെ പരിസ്ഥിതിയും എന്നും, അവന്റെ നിലനില്‍പിനും തുടര്‍ച്ചക്കും ആവശ്യമായ വിഭവങ്ങള്‍ ഈ ഭൂമിയില്‍ നിന്നുതന്നെ ലഭിക്കേണ്ടതുണ്ട് എന്നുമുള്ള തിരിച്ചറിവാണ്.
ഭൂമിയിലെ വിഭവങ്ങള്‍ക്ക് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. നാളത്തെ തലമുറയ്ക്കും ഈ അവകാശവും അര്‍ഹതയുമുണ്ട്. ആ അര്‍ഥത്തില്‍ എല്ലാ പ്രകൃതിവിഭവങ്ങളെയും സംരക്ഷിച്ച് ഉപയോഗിക്കുക എന്നത് മാനവരാശിയുടെ പൊതു ഉത്തരവാദിത്തവും ഓരോ പൗരന്റെയും കടമയുമാണ്. ി
(അവസാനിച്ചു.)
(കടപ്പാട്: ജനശക്തി, 2018 സപ്തംബര്‍ 16)

RELATED STORIES

Share it
Top