അമിത നികുതിപിരിവിനെതിരേ പരാതി

മാനന്തവാടി: മുനിസിപ്പല്‍ ലൈസന്‍സിന്റെയും തൊഴില്‍ നികുതിയുടെയും പേരില്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്നു മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. തൊഴില്‍നികുതി പിരിക്കുന്നതു സംബന്ധിച്ച് മുനിസിപ്പല്‍ അധികൃതരും വ്യാപാര സംഘടനകളും ചര്‍ച്ച ചെയ്ത് ധാരണ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം അടച്ച തൊഴില്‍നികുതിയുടെ രശീതി കാണിച്ചാല്‍ തൊട്ടടുത്ത സ്ലാബ് പ്രകാരം അടയ്ക്കാന്‍ സൗകര്യമുണ്ടാക്കിയാണ് തീരുമാനമായത്.
എന്നാല്‍, ഈ തീരുമാനത്തിന് കടകവിരുദ്ധമായ തൊഴില്‍ നികുതി നിരക്കാണ് ഉദ്യോഗസ്ഥര്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. ലൈസന്‍സ് ഫീസ് ഈടാക്കുന്നതു മാനദണ്ഡമനുസരിച്ചല്ല. ചെറിയ സംരംഭകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഭീമമായ തുകയാണ് ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്നത്. ഇത് ഏതു നിയമമനുസരിച്ചാണെന്നു പറയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുന്നില്ല. ഇന്‍സ്റ്റിറ്റിയൂഷന്‍ ഫീസ് എന്ന പേരില്‍ ഈ കാറ്റഗറിയില്‍ വരാത്തവര്‍ക്കും മുന്‍കാല പ്രാബല്യം കണക്കാക്കി വന്‍ തുകയാണ് ഈടാക്കുന്നത്.
ഇത് അനുവദിക്കില്ല. കെട്ടിടനികുതി അടച്ചാലേ ലൈസന്‍സ് അനുവദിക്കൂ എന്ന നിയമവിരുദ്ധ നിര്‍ദേശം അപ്രായോഗികമാണ്. ചട്ടവിരുദ്ധമായി നികുതി പിരിച്ചെടുക്കുന്നത് വസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി ര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുനിസിപ്പല്‍ ഭരണസമിതിക്ക് പരാതി നല്‍കി. നിയമവിരുദ്ധമായി നികുതികള്‍ പിരിച്ച് വ്യാപാരികളെയും സംരംഭകരെയും ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥ നീക്കത്തിനെതിരേ വേണ്ടിവന്നാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top