അമിത് ഷായ്ക്ക് വിമാനത്താവളം തുറന്നുകൊടുത്തത് മുഖ്യമന്ത്രി

തിരുവനന്തപുരം/കൊച്ചി: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുംമുമ്പേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അവിടെ ഇറങ്ങാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
സിബിഐ അന്വേഷിക്കുന്ന ലാവ്‌ലിന്‍ കേസ് ഉപയോഗിച്ചാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പിണറായിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത്. മുഖ്യമന്ത്രി അധികാരമേറ്റനാള്‍ തൊട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രം കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന മുഖ്യമന്ത്രിയാണ് ഇന്നു കേരളം ഭരിക്കുന്നതെന്നു മുല്ലപ്പള്ളി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഡിസം 9ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമിത് ഷായ്ക്കുവേണ്ടി പ്രത്യേകമായി തുറന്നുകൊടുത്തത്. യുദ്ധംപോലുള്ള അസാമാന്യ സാഹചര്യത്തിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇങ്ങനെ എന്തു സാഹചര്യമാണു കേരളത്തിലുള്ളതെന്നു മുല്ലപ്പള്ളി ചോദിച്ചു. അമിത് ഷാ കണ്ണൂരില്‍ വന്ന് ഇടതുസര്‍ക്കാരിനെതിരേ ഭീഷണിയും വെല്ലുവിളിയും മുഴക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെങ്കിലും അതിനെ പിരിച്ചുവിടുമെന്ന ബിജെപിയുടെ ഭീഷണി കേരളത്തില്‍ വിലപ്പോവില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തിയാക്കിയ കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം ഇഴയുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം തുറക്കാന്‍ ഇത്രയും വൈകിയതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോടു മറുപടി പറയേണ്ടി വരും. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പേരില്‍ ഇടതുസര്‍ക്കാരിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന എരിതീയില്‍ എണ്ണയൊഴിക്കുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എറണാകുളം ടൗണ്‍ ഹാളില്‍ കേരള കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച കെ പി എല്‍സേബിയൂസ് മാസ്റ്റര്‍ നാലാമത് പുരസ്‌കാര സമര്‍പ്പണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത് ഷായില്‍ നിന്ന് വിശ്വാസികള്‍ പ്രതീക്ഷിച്ചത് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരും എന്ന പ്രഖ്യാപനമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് പുറത്തിറക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും. സംസ്ഥാനസര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ട. അത് കേരളത്തിലെ ജനങ്ങള്‍ നോക്കിക്കൊള്ളും. ജനാധിപത്യപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനറിയാവുന്ന ജനങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ പരിപാവന അന്തരീക്ഷം നിലനിര്‍ത്തണം. ഇപ്പോള്‍ ഇരുവശങ്ങളില്‍ നിന്നും ആളുകളെ അടിപ്പിക്കുകയാണ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കുകയാണ്.
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണം. എന്നാല്‍ സമാധാനപരമായി പ്രതിഷേധിച്ച ഭക്തജനങ്ങളെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പി എല്‍സേബിയൂസ് മാസ്റ്റര്‍ നാലാമത് പുരസ്‌കാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിന് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു. കെ പി തമ്പി കണ്ണാടന്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍ എംഎല്‍എ, ടോണി ചമ്മിണി, ടി ജെ വിനോദ്, വി പി ജോര്‍ജ്, കെ കെ ഇബ്രാഹിംകുട്ടി, ജോസ് കപ്പിത്താന്‍പറമ്പില്‍, എം ജെ അരിസ്‌റ്റോട്ടില്‍ സംസാരിച്ചു.

RELATED STORIES

Share it
Top