അമിത് ഷയെ കരിങ്കോടി കാണിച്ച പെണ്‍കുട്ടികളുടെ മുടി വലിച്ചിഴച്ച് പോലിസ് മര്‍ദ്ദനം


അലഹബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികള്‍ക്ക് പൊലിസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. അമിത് ഷായുടെ വാഹനവ്യൂഹം കടന്നുവരവെ റോഡിലേക്ക് ഇറങ്ങിയാണ് രണ്ട് വിദ്യാര്‍ത്ഥിനികളും ഒരാണ്‍കുട്ടിയും കരിങ്കൊടി വീശിയത്. ഇവരെ വലിച്ചിഴച്ച് നീക്കിയ പൊലിസ് ലാത്തികൊണ്ട് അടിക്കുന്നതും കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയാണ്.സംഭവത്തില്‍ നേഹാ യാദവ്, രമാ യാദവ്, കിഷന്‍ മൗര്യ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ സമാജ്‌വാദി ഛത്ര സഭയിലെ അംഗങ്ങളാണ്. ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.റോഡിന്റെ നടുവിലേക്ക് ഇറങ്ങിനിന്ന് സമാധാനപരമായാണ് വിദ്യാര്‍ത്ഥിനികള്‍ കരിങ്കൊടി കാട്ടിയത്. ഏതാനും സെക്കന്റുകളോളം ഇത് തുടര്‍ന്നു. ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും പ്രതിഷേധത്തില്‍ ചേര്‍ന്നു. പെട്ടെന്ന് പൊലിസ് സംഘം എത്തി ഇവരെ വലിച്ചിഴച്ച് മാറ്റി. ഇതില്‍ നേഹ യാദവ് എന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടയില്‍ വലിയ വടികൊണ്ട് കാലില്‍ ശക്തമായി അടിക്കുന്നുണ്ട്. തുടര്‍ന്ന് മുടിയ്ക്ക് കുത്തിപ്പിടിച്ചാണ് പൊലിസ് വാഹനത്തില്‍ കയറ്റുന്നത്.
ഉത്തര്‍പ്രദേശിലെ റാലികളില്‍ കരിങ്കൊടിയും കറുത്ത തുവാലയും വസ്ത്രങ്ങളും പോലിസ് നിരോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കരിങ്കോടി പ്രയോഗം നിത്യസംഭവമായതോടെയായിരുന്നു പോലിസിന്റെ നടപടി.

RELATED STORIES

Share it
Top