അമിത്ഷായെ വിഷമത്തിലാക്കി മഠത്തിന്റെ കത്ത്

ബംഗളൂരു: തിരഞ്ഞെടുപ്പ് അടുത്തതോടെ ലിംഗായത്തുകളുടെ മതന്യൂനപക്ഷ പദവി വിഷയത്തില്‍ നിലപാടറിയിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാക്ക് മഠാധിപതികളുടെ കത്ത്. തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകളുടെ പിന്തുണ തേടാനായി എത്തിയ അമിത്ഷാക്ക് മഠാധിപന്‍മാര്‍ നല്‍കിയ കത്തിലാണ് കേന്ദ്രത്തിന്റെ നിലപാടറിയിക്കാനാവശ്യപ്പെടുന്നത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചു വിജ്ഞാപനം ഇറക്കണമെന്നും ആവശ്യപ്പെടുന്ന കത്ത് അമിത്ഷായെ വിഷമത്തിലാക്കിയിട്ടുണ്ട്. തുടക്കം മുതലെ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു ബിജെപി.കര്‍ണാടക സര്‍ക്കാര്‍ ഹിന്ദുക്കളെ വിഭജിക്കുന്നുവെന്നാണ് വിഷയത്തില്‍ ബിജെപി പ്രതികരിച്ചിരുന്നത്. കര്‍ണാടക സര്‍ക്കാര്‍ ലിംഗായത്തുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയതും കേന്ദ്രം വിഷയത്തില്‍ പിന്നോട്ടു നില്‍ക്കുന്നതും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതും ബിജെപിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
അതേസമയം, തങ്ങള്‍ ഹിന്ദുക്കളോ ഹിന്ദുവിരുദ്ധരോ അല്ലെന്ന് ലിംഗായത്ത് പണ്ഡിതന്‍ എസ് എം ജാംദാര്‍ പ്രതികരിച്ചു. ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കുന്നതോടെ കര്‍ണാടക സര്‍ക്കാര്‍ ഒരിക്കലും ഹിന്ദുക്കളെ വിഭജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ വേറെ തന്നെ ജനവിഭാഗമാണ്. ഹിന്ദുമതവുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങള്‍ തങ്ങള്‍ നിര്‍വഹിക്കുന്നില്ല. തങ്ങളുടേത് തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top