അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു: ചെന്നിത്തല


തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട്  നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ്  ബിജെപി   അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ഇപ്പോള്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ രേഖകള്‍ അനുസരിച്ച്  നോട്ട് പിന്‍വലിക്കല്‍  നിലവില്‍ വന്ന ആദ്യത്തെ അഞ്ച് ദിവസത്തിനുളളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ  നിരോധിച്ച നോട്ടുകളാണ്  ശേഖരിച്ചത്.


അമിത് ഷാക്കും, ബിജെപിക്കും കോടിക്കണക്കിന്  രൂപയുടെ  സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടി കളിച്ച വലിയൊരു നാടകമായിരുന്നു നോട്ടു നിരോധനമെന്ന് ഇതോടെ വ്യക്തമാവുകയാണ്.  2016 നവംബര്‍ ഒമ്പതിനാണ് നോട്ടു നിരോധനം നിലവില്‍ വന്നത്. അഞ്ച് ദിവസം കഴിഞ്ഞ് നവംബര്‍ 14ന്  നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കരുതെന്ന് ഉത്തരവ് റിസര്‍വ്്് ബാങ്ക് രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്ക് നല്‍കി. അപ്പോഴേക്കും അമിത് ഷാ  ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് 745 കോടിയലധികം രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി ശേഖരിച്ച് കഴിഞ്ഞിരുന്നു.


അതിനര്‍ത്ഥം നോട്ടു നിരോധനത്തിന്റെ മറവില്‍ അമിത് ഷായും സംഘവും നൂറുക്കണക്കിന് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്ന്  തന്നെയാണ്. അമിത് ഷായുടെയും, സംഘത്തിന്റെ കള്ളപ്പണം വെളുപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ കൊട്ടിഘോഷിച്ച നോട്ട് നിരോധനത്തിന് പിന്നിലുണ്ടായിരുന്നുള്ളുവെന്നും ഇതോടെ  വ്യക്തമാവുകയാണ്.


നരേന്ദ്ര മോദി അധികാരത്തിലെത്തിയ  ഒരു വര്‍ഷത്തിനുള്ളില്‍  ബിജെപി  അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ ട്രേിഡിങ് കമ്പനി പതിനാറായിരം മടങ്ങ് ലാഭമുണ്ടാക്കിയ വാര്‍ത്തയും പുറത്ത് വന്നിരുന്നു.   അമ്പതിനായിരം രൂപയില്‍ നിന്നും 80 കോടി രൂപയായാണ് ജെയ്ഷായുടെ ബിസിനസ് കുതിച്ചുയര്‍ന്നത്. ചുരുക്കത്തില്‍ അമിത്ഷാക്കും, കുടംബത്തിനും കുറെ മോദി ഭക്തര്‍ക്കും കോടിക്കണക്കിന്  രൂപ കൊള്ളയടിക്കാനുളള  സുവര്‍ണ്ണാവസരം മാത്രമായിരുന്നു ഇതുവരെയുള്ള  മോദി  ഭരണമെന്ന് വ്യക്തമായതായും  രമേശ് ചെന്നിത്തല പറഞ്ഞു.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top