അമിത്ഷായുടെ കത്തില്‍ കള്ളങ്ങളെന്ന് മറുപടിയുമായി നായിഡു

വിജയവാഡ: തെലുഗുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടുപോയതുമായി ബന്ധപ്പെട്ട് അമിത്ഷായുടെ തുറന്ന കത്തിന് ചന്ദ്രബാബു നായിഡുവിന്റെ രൂക്ഷ മറുപടി. അമിത്ഷായുടെ കത്ത് പൂര്‍ണമായും കള്ളമാണ് പറയുന്നതെന്നു നായിഡു ആരോപിക്കുന്നു. വികസനത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നും ആന്ധ്രയുടെ ക്ഷേമത്തിനായി ബിജെപി സര്‍ക്കാര്‍ ഏറ്റവും മികച്ച കാര്യങ്ങളാണ് ചെയ്തതെന്നും നേരത്തേ ചന്ദ്രബാബുവിനയച്ച തുറന്ന കത്തില്‍ അമിത്ഷാ പറഞ്ഞിരുന്നു. ആന്ധ്രയുടെ വികസന പ്രശ്‌നങ്ങള്‍ക്കു പകരം രാഷ്ട്രീയ പരിഗണനകള്‍ക്കാണ് ടിഡിപി മുന്‍ഗണന നല്‍കിയത്. എന്‍ഡിഎ വിട്ടുപോവാനുള്ള തീരുമാനം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണെന്നും എന്‍ഡിഎ വിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമിത്ഷാ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.നിരവധി ഫണ്ട് ആന്ധ്രപ്രദേശിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇത് ഉപയോഗപ്പെടുത്തിയില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയാണ് നായിഡു നല്‍കിയത്. മികച്ച ജിഡിപിയാണ് ആന്ധ്രയ്ക്കുള്ളത്. കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ് അമിത്ഷാ. കത്തില്‍ മുഴുവന്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ഇത് അദ്ദേഹത്തിന്റെ മനോഭാവം എന്താണെന്നു കാണിക്കുന്നുവെന്നും നായിഡു പറഞ്ഞു.

RELATED STORIES

Share it
Top