അമിത്ഷാക്ക് ഭക്ഷണം നല്‍കി സ്വീകരിച്ച കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നുകൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പര്യടനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ഉച്ചഭക്ഷണം നല്‍കി സ്വീകരിച്ച കുടുംബം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നക്‌സല്‍ബാരിയിലെ മഹാലി ഗോത്രത്തില്‍ നിന്നുള്ള രാജു മഹാലി, ഭാര്യ ഗീത എന്നിവരാണ് തൃണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബുധനാഴ്ച നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി ഗൗതം ദേബില്‍ നിന്നും ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
കഴിഞ്ഞയാഴ്ച അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന വടക്കന്‍ ബംഗാള്‍ പര്യടനത്തിനിടെയാണ് ദമ്പതികള്‍ സ്വീകരണം നല്‍കിയത്.വാഴയിലയില്‍ വിളമ്പിയ ഭക്ഷണം അമിത് ഷായും മറ്റ് നേതാക്കളും നിലത്തിരുന്ന് കഴിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.
അതേസമയം, രാജു മഹാലിയെയും കുടുംബത്തെയും തൃണമൂല്‍ നേതാക്കള്‍ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ പാര്‍ട്ടിയില്‍ ചേര്‍ത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. ദമ്പതികളെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
എന്നാല്‍, ദമ്പതികളെ ഭീഷണിപ്പെടുത്തിയല്ല പാര്‍ട്ടിയില്‍ ചേര്‍ത്തതെന്ന് തൃണമൂല്‍ മന്ത്രി ഗൗതം ദേബ് പ്രതികരിച്ചു. പണമോ പദവിയോ നല്‍കി പ്രലോഭിപ്പിച്ചിട്ടില്ല. കുടുംബത്തെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതി വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top