അമിക്കസ് ക്യൂറിയും കേന്ദ്ര ഉന്നതതല സംഘവും എരുമേലി സന്ദര്‍ശിച്ചു

എരുമേലി (കോട്ടയം): ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കേന്ദ്രത്തില്‍ നിന്നുള്ള ഉന്നത സംഘവും എരുമേലി സന്ദര്‍ശിച്ചു.
തുടര്‍ന്ന് അഴുത, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി വി ജയകൃഷ്ണന്‍, കമ്മിറ്റി മെംബര്‍ സെക്രട്ടറി അമര്‍നാഥ് ഷെട്ടി, എംപവേര്‍ഡ് കമ്മിറ്റി മെംബര്‍ മഹേന്ദ്ര വ്യാസ്, സുപ്രിംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എ ഡി എന്‍ റാവു എന്നിവരും കേന്ദ്രസര്‍ക്കാരിലെ 10ഓളം വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമാണ് സന്ദര്‍ശനം നടത്തിയത്. ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനും സുപ്രിംകോടതിയിലെ തുടര്‍ വ്യവഹാരങ്ങളിലും ഈ സന്ദര്‍ശനം ഏറെ നിര്‍ണായകമായേക്കുമെന്നാണ് സൂചനകള്‍.
ശബരിമലയിലെ തല്‍സ്ഥിതിയും കോടതി വിധിയെ എതിര്‍ക്കുന്ന വിധമായിരുന്നോ പ്രതിഷേധങ്ങളെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങളും ചര്‍ച്ചകളിലൂടെ വിധി പ്രാബല്യത്തിലാക്കാന്‍ ശ്രമിച്ചിരുന്നോയെന്നും വിശദമായി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനാണ് സന്ദര്‍ശനമെന്നും പറയുന്നു.
നെടുമ്പാശ്ശേരിയില്‍ വിമാന മാര്‍ഗം എത്തിയ സംഘം കോട്ടയം റസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നലെ രാവിലെ 10.30ഓടെയാണ് എരുമേലിയിലെത്തിയത്. എരുമേലി വലിയമ്പലത്തില്‍ ദേവസ്വം കമ്മീഷണര്‍ ഉള്‍െപ്പടെയുള്ളവരുമായി ചര്‍ച്ച നടത്തി. അതേസമയം, സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടല്ല സംഘത്തിന്റെ സന്ദര്‍ശനമെന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.
ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്നു വനഭൂമി വിട്ടുകിട്ടുന്നതിനായുള്ള പരിശോധനയ്ക്കും ശബരിമല മാസ്റ്റര്‍പ്ലാന്‍ പദ്ധതികളുടെ വിലയിരുത്തലിനുമാണ് സംഘം എത്തിയതെന്നു ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പറഞ്ഞു. എരുമേലിയിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സംഘം ചോദിച്ചറിഞ്ഞു.

RELATED STORIES

Share it
Top