അഭ്യൂഹങ്ങള്‍ക്ക് വിരാമം :റൊണാള്‍ഡോ യുവന്റസുമായി കരാറൊപ്പിട്ടു
vishnu vis2018-07-10T23:32:49+05:30

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് തന്നെ. ഇന്നലെ ഗ്രീസിലെ ഒരു ഹോട്ടലില്‍ വച്ച്് റൊണാള്‍ഡേയും യുവന്റസ് പ്രസിഡന്റ് ആന്ദ്രേ ആഗ്നെല്ലിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരം യുവന്റസിലേക്ക് ചേക്കേറിയത്. നാല് വര്‍ഷത്തെ കരാറാടിസ്ഥാനത്തില്‍ 88 മില്യന്‍ പൗണ്ടിനാണ് (ഏകദേശം 800 കോടി) യുവന്റസ് റോണാള്‍ഡോയെ സ്വന്തമാക്കിയത്. റയലിനേക്കാള്‍ മികച്ച പ്രതിഫലം യുവന്റസ് നല്‍കാനൊരുങ്ങിയെങ്കിലും ഇപ്പോഴും ലോക ട്രാന്‍സ്ഫര്‍ തുകയില്‍ നാലാം സ്ഥാനത്താണ് അഞ്ച് തവണ ബാലന്‍ഡിയോര്‍ പുരസ്കാരം ചൂടിയിട്ടുള്ള റൊണാള്‍ഡോ. നെയ്മര്‍(222 മില്യന്‍ പൗണ്ട്), എംബാപ്പെ(160 മില്യണ്‍ പൗണ്ട്), പോള്‍ പോഗ്ബ(89.3 മില്യണ്‍ പൗണ്ട്) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഒമ്പത് വര്‍ഷം റയല്‍ മാഡ്രിഡില്‍ ചിലവഴിച്ചതിന് ശേഷമാണ് റോണോ യുവന്റസിലേക്ക് പോകാനൊരുങ്ങുന്നത്. താരവുമായി റയല്‍ 2021 വരെ കറാറൊപ്പിട്ടുണ്ടെങ്കിലും ഇത് ബഹിഷ്കരിച്ചാണ് താരം ഇറ്റാലിയന്‍ ക്ലബിലേക്ക് ചേക്കേറുന്നത്. 2009ല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ റൊണാള്‍ഡോ ടീമിനായി 311 മല്‍സരങ്ങളില്‍ നിന്ന് 292 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
അവസാന സീസണിലെ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിന് ശേഷം തന്നെ റയല്‍ മാഡ്രിഡ് വിടുന്നതിന്റെ സൂചനകള്‍ റൊണാള്‍ഡോ നല്‍കിയിരുന്നു. അപ്രതീക്ഷിതമായി റയലിന്റെ പരിശീലകനായിരുന്ന സിനദിന്‍ സിദാന് വിരമിച്ചതും റൊണാള്‍ഡോയുടെ റയല്‍ വിടാനുള്ള നീക്കത്തിന് ആക്കം കൂട്ടുകയായിരുന്നു.