അഭിലാഷ് ടോമിയുമായി ഐഎന്‍സ് സത്പുര ഇന്ത്യയിലേക്ക് യാത്രതിരിച്ചു

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിെട പായ്‌വഞ്ചി തകര്‍ന്ന് നടുക്കടലില്‍ പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍സ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രതിരിച്ചു. ഇന്നലെയാണ്് കപ്പല്‍ ആംസ്റ്റര്‍ഡാമിലെത്തിയത്. തുടര്‍ന്ന് അഭിലാഷ് ടോമിയുടെ ആരോഗ്യനില പരിശോധിച്ച് യാത്രയ്ക്കു കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചത്.
പുറങ്കടലില്‍ നങ്കൂരമിട്ട കപ്പലിലേക്ക് ആംസ്റ്റര്‍ഡാമിലെ ആശുപത്രിയില്‍ നിന്നു ഹെലികോപ്്റ്റര്‍ മാര്‍ഗമാണ് അഭിലാഷിനെ എത്തിച്ചത്. ഇന്നലെ രാത്രി വൈകി കപ്പല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഒക്‌ടോബര്‍ ആദ്യയാഴ്ചയോടെ അഭിലാഷ് ടോമിയുമായി കപ്പല്‍ ഇന്ത്യയില്‍ എത്തും. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ശേഷം മാത്രമെ അദ്ദേഹത്തെ ഇന്ത്യയിലെ ഏതു ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് നാവികസേന അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലോ, കൊച്ചിയിലോ ആയിരിക്കും പ്രവേശിപ്പിക്കുകയെന്നാണു വിവരം. നിലവില്‍ അഭിലാഷ് ടോമിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്നാണു വിവരം. നട്ടെല്ലിനു പരിക്കുണ്ടെങ്കിലും ഗുരതരമല്ല. ക്രച്ചസിന്റെ സഹായത്താല്‍ എഴുന്നേറ്റു നില്‍ക്കാനും ചെറിയ രീതിയില്‍ ചലിക്കാനും കഴിയുന്നുണ്ട്.
ജൂലൈ ഒന്നിനു ഫ്രാന്‍സില്‍ നിന്നാണു തുരിയ എന്ന പായ്‌വഞ്ചിയില്‍ അഭിലാഷ് ടോമി പ്രയാണം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഏകദേശം 1900 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഏതാനും ദിവസം മുമ്പാണ് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ്‌വഞ്ചി തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്.RELATED STORIES

Share it
Top