അഭിലാഷ് ടോമിയുമായി ഐഎന്‍എസ് സത്പുര ഇന്ന് ഇന്ത്യയിലേക്കു തിരിച്ചേക്കും

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ നടുക്കടലില്‍ പായ്‌വഞ്ചി തകര്‍ന്നു പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെയുമായി ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്നു യാത്രതിരിച്ചേക്കും. ഇന്നലെ രാത്രി വൈകിയോ ഇന്നു രാവിലെയോ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാമില്‍ എത്തുമെന്ന് നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് അഭിലാഷ് ടോമിയെ ചികില്‍സിക്കുന്ന ആംസ്റ്റര്‍ഡാമിലെ ആശുപത്രിയിലെ ഡോക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തെ സത്പുരയിലേക്കു മാറ്റുക.
മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഇന്നുതന്നെ അഭിലാഷ് ടോമിയെയുമായി കപ്പല്‍ യാത്രതിരിക്കുമെന്നാണ് നാവികസേനാ അധികൃതര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ അടുത്തമാസം ആദ്യം അഭിലാഷിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയുമെന്നു നാവികസേനാ അധികൃതര്‍ വ്യക്തമാക്കി. അഭിലാഷ് ടോമിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണു ലഭിക്കുന്ന വിവരം. ക്രച്ചസിന്റെ സഹായത്തോടെ അേദ്ദഹത്തിന് നടക്കാന്‍ കഴിയുന്നുണ്ട്.
ജൂലൈ 1ന് ഫ്രാന്‍സില്‍ നിന്നാണ് തുരിയ എന്ന പായ്‌വഞ്ചിയില്‍ അഭിലാഷ് ടോമി ഗോ ള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഏകദേശം 1900 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ആറുദിവസം മുമ്പാണ്് രൂക്ഷമായ കടല്‍ക്ഷോഭത്തിലും കാറ്റിലും പെട്ട് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ്‌വഞ്ചിയുടെ കൊടിമരം തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്.

RELATED STORIES

Share it
Top