അഭിലാഷിന് ആശുപത്രി മോചനം അനുവദിക്കാതെ അധികൃതര്‍

എടപ്പാള്‍:  നീതിക്കായുള്ള പോരാട്ടത്തിനിടെ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ച അഭിലാഷിനെ ആശുപത്രിയില്‍ നിന്നും മോചിപ്പിക്കാതെ പോലിസ്. ആശുപത്രിയില്‍ നിന്നും മോചിപ്പിച്ചാല്‍ അഭിലാഷ് എടപ്പാളിലെ നിരാഹാര സമരപ്പന്തലില്‍ വീണ്ടുമെത്തി നിരാഹാര സമരം തുടരുമെന്ന ഭീതിയാണ് അഭിലാഷിനെ ആശുപത്രിയില്‍ നിന്നും മോചിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്. അതിനിടെ, ഇന്നലെ അസുഖബാധിതനായ കുട്ടിയുമായി അഭിലാഷിന്റെ ഭാര്യ സുമ ഏതാനും സമയം സമരപ്പന്തലിലെത്തി.
അനങ്ങാന്‍ കഴിയാത്ത കുഞ്ഞിനെയുമായി അധിക സമയം പന്തലില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ കുഞ്ഞിനെയുമായി അവരെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. പ്രസവ ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് അസുഖബാധിതനായ കുട്ടിയുടെ തുടര്‍ ചികില്‍സയ്ക്ക് ആവശ്യമായ ചെലവ് പിഴവ് സംഭവിച്ച എടപ്പാളിലെ സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നും കിട്ടുന്നതിന് നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടായിരുന്നു അഭിലാഷ് ഇക്കഴിഞ്ഞ 30 മുതല്‍ എടപ്പാള്‍ ജങ്ഷനില്‍ സമരപ്പന്തല്‍ ഒരുക്കി നിരാഹാര സമരം ആരംഭിച്ചത്.
സമരം മൂന്നു ദിവസം പിന്നിട്ടപ്പോള്‍ അഭിലാഷ് ക്ഷീണിതനാണെന്ന ഡോക്ടറുടെ റിപോര്‍ട്ടിനെതുടര്‍ന്ന് പൊന്നാനി തഹസില്‍ദാര്‍ സ്ഥലത്തെത്തി പോലിസ് സാന്നിധ്യത്തില്‍ അഭിലാഷിനെ അറസ്റ്റ് ചെയ്ത് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണുണ്ടായത്. ആശുപത്രിയിലും നിരാഹാര സമരം തുടരുകയാണ് അഭിലാഷ്.
അതേസമയം, തന്നെ ആശുപത്രിയിലേക്ക് മാറ്റിയ അധികൃതര്‍ പ്രശ്‌നപരിഹാരത്തിനായി യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് അഭിലാഷ് ആരോപിച്ചു. അഭിലാഷിനെ ജങ്ഷനിലെ സമരപ്പന്തലില്‍ നിന്നും മാറ്റുകയെന്നതിനപ്പുറം പ്രശ്‌നപരിഹാരത്തിനായി യാതൊരു ശ്രമവും നടത്താതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവും ശക്തമാണ്.

RELATED STORIES

Share it
Top