അഭിലാഷിന്റെ നിരാഹാരം 10ാം ദിവസത്തിലേക്ക്‌

എടപ്പാള്‍: ചികില്‍സാ പിഴവിനെ തുടര്‍ന്ന് നാല് വയസ്സുകാരനായ മകന്‍ മാറാ രോഗിയായ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും കുട്ടിയുടെ തുടര്‍ ചികില്‍സയ്ക്ക് സാമ്പത്തിക സഹായം ആശുപത്രി അധികൃതരില്‍ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് നടത്തിവരുന്ന നിരാഹാരം പത്താം ദിവസത്തിലേക്ക്. പാലക്കാട് തൃത്താല കപ്പൂര്‍ സ്വദേശി അഭിലാഷാണ് എടപ്പാള്‍ ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡിനെതിരേ എടപ്പാള്‍ ജങ്ഷനില്‍ സമരം നടത്തിവരുന്നത്.
രണ്ടുദിവസം മുന്‍പ് മന്ത്രി കെ ടി ജലീല്‍ അഭിലാഷിനെ സന്ദര്‍ശിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടി കൈകൊള്ളുമെന്നറിയിച്ചിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്നു ഫലപ്രദമായ ഒരിടപെടല്‍ ഉണ്ടായില്ല. അതേസമയം, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം ആശുപത്രി അധികൃതര്‍ക്ക് അനുകൂലമായ നിലപാടാണു സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സംസ്ഥാന പട്ടികജാതി കമ്മീഷന്‍ അംഗം എസ് അജയകുമാര്‍, വി ടി ബല്‍റാം എംഎല്‍എ എന്നിവര്‍ അഭിലാഷിനെ സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളാമെന്ന് ഉറപ്പു നല്‍കിയിരുന്നതാണ്.
സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ പൊന്നാനി തഹസില്‍ദാര്‍ ഇടപെട്ട് പോലിസിനെ കൊണ്ട് അഭിലാഷിനെ അറസ്റ്റ് ചെയ്യിച്ചു പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലും നിരാഹാര സമരം തുടര്‍ന്നുവന്ന അഭിലാഷ് രണ്ട് ദിവസത്തിനു ശേഷം ആശുപത്രിവിട്ട് വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം തുടരുകയായിരുന്നു.
അതിനിടെ ആശുപത്രിയെ തകര്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിവരികയാണെന്നും ഇത് അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച് ആശുപത്രിയിലെ ജീവനക്കാര്‍ കഴിഞ്ഞ ദിവസം എടപ്പാളില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു.

RELATED STORIES

Share it
Top