അഭിമന്യൂവധം: സ്ത്രീകള്‍ക്ക് നേരെ പോലിസ് അതിക്രമമെന്ന് വസ്തുതാന്വേഷണ സംഘം


കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് നേരെ പോലിസ് അതിക്രമമെന്ന് വസ്തുതാന്വേഷണം സംഘം കണ്ടെത്തി. കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ നിരപരാധികളടക്കമുള്ളവരുടെ വീടുകളില്‍ കയറി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് എന്‍സിഎച്ച്ആര്‍ഒയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയ സംഘം പറഞ്ഞു. അഭിമന്യു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെന്ന് പറഞ്ഞാണ് അര്‍ദ്ധ രാത്രിയില്‍ പോലും പോലിസ് വീടുകളില്‍ എത്തുന്നത്. വനിതാ പോലിസിന്റെ സാന്നധ്യമില്ലാതെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ കയറി സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. തുടര്‍ച്ചയായി സ്ത്രീകളെ പോലിസ് സ്‌റ്റേഷനുകളിലേക്ക് വിളിച്ചുവരുത്തി പകലും രാത്രിയിലും സ്റ്റേഷനില്‍ ഇരുത്തുകയും ചെയ്തു. പ്രതികളെ നല്‍കിയില്ലെങ്കില്‍ മാതാവ്, ഭാര്യ, പെണ്‍മക്കള്‍ എന്നിവരെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും പോലിസ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഏഴ് മാസം ഗര്‍ഭിണിയായ സ്ത്രീയെ പോലും ഇത്തരത്തില്‍ രാത്രി സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചു.
വാടകക്ക് താമസിക്കുന്നവരുടെ വീട്ടുടമസ്ഥരെ ഭീഷണിപ്പെടുത്തി വീട് ഒഴിപ്പിക്കാനുള്ള ശ്രമവും പോലിസ് നടത്തുന്നുണ്ട്. പോലിസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത് മൂലം മകളുടെ കോളജ് പ്രവേശനം പോലും അനിശ്ചിതത്വത്തിലായതായി ഒരു വീട്ടമ്മ പരാതിപ്പെട്ടു. മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചുവച്ചത് മൂലം അഡ്മിഷന്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല. കേസിലെ പ്രതികളെ അന്വേഷിച്ച് കണ്ടെത്തുന്നതിന് പകരം വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് നീതിന്യായ വ്യവസ്ഥക്ക് എതിരാണ്. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് എന്‍സിഎച്ച്ആര്‍ഒ അറിയിച്ചു.

RELATED STORIES

Share it
Top