അഭിമന്യു വധം: സിപിഎം കുപ്രചാരണം നടത്തുന്നു- എസ്ഡിപിഐ

കോഴിക്കോട്: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ക്കെതിരേ സിപിഎം നടത്തുന്നത് അതിശയോക്തി നിറഞ്ഞ കുപ്രചാരണമാണെന്ന് സംസ്ഥാന പ്രസിഡന്റ്് പി അബ്ദുല്‍ മജീദ് ഫൈസി.
എസ്ഡിപിഐ കാഡര്‍മാരില്‍ ആരെയും ഇതുവരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടില്ല. മഹാരാജാസ് സംഭവം മുന്‍നിര്‍ത്തി സിപിഎമ്മിന്റെ വാസ്തവവിരുദ്ധമായ പ്രചാരണം അവര്‍ എസ്ഡിപിഐയെ ശക്തരായ രാഷ്ട്രീയ പ്രതിയോഗികളായി കാണുന്നതിന്റെ തെളിവാണെന്നും ഫൈസി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. വധത്തിനു പിന്നില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കുകയാണു വേണ്ടത്. അതിനു ശ്രമിക്കാതെ കിട്ടിയ അവസരം മുതലെടുത്ത് എസ്ഡിപിഐയെ 'ഫിനിഷ്' ചെയ്തുകളയാനാണ് സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ ബഹുജന്‍ രാഷ്ട്രീയത്തെ സിപിഎം ഭയക്കുന്നതുകൊണ്ടാണിത്. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ 'മുസ്‌ലിം പുഞ്ചിരി'യുമായി ബന്ധപ്പെടുത്തി വന്ന വാര്‍ത്ത വര്‍ഗീയതയ്ക്ക് വളംവയ്ക്കുന്നതാണ്.
മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ഇരുട്ടിന്റെ മറവില്‍ അജ്ഞാതര്‍ കടന്നുകയറി നാശനഷ്ടമുണ്ടാക്കിയ സംഭവത്തിനു പിന്നില്‍ എസ്ഡിപിഐയാണെന്നാണു യാതൊരു തെളിവുമില്ലാതെ ഇടതു സംഘടനകള്‍ ആരോപിക്കുന്നത്. സിപിഎം പുലര്‍ത്തുന്ന ഉത്തരവാദിത്തരഹിതമായ ഇത്തരം നിലപാടുകള്‍ കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനും സമാധാനം തകര്‍ക്കാനും മാത്രമേ ഉപകരിക്കൂ. പാര്‍ട്ടിക്കെതിരേ നടക്കുന്ന കുപ്രചാരണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ജൂലൈ 20 മുതല്‍ ആഗസ്ത് 20 വരെ സംസ്ഥാന വ്യാപകമായി 'ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല'  എന്ന വിഷയത്തില്‍ കാംപയിന്‍ നടത്തും. ഇതിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചാരണം, ബഹുജന സമ്പര്‍ക്ക സദസ്സുകള്‍, വാഹനജാഥ, സോഷ്യല്‍ മീഡിയ കാംപയിനുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നും മജീദ് ഫൈസി പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top