അഭിമന്യു വധം: പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തില്ല

തിരുവനന്തപുരം: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തില്ല. യുഎപിഎയിലെ വകുപ്പുകള്‍ ചുമത്താനുള്ള സാഹചര്യം കേസില്‍ ഉണ്ടായിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പോലിസിനെ അറിയിച്ചു. യുഎപിഎ ചുമത്തിയാല്‍ അതു കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചിലപ്പോള്‍ കേസിനെ തന്നെ ബാധിച്ചേക്കാമെന്നുമാണ് ഡിജിപിയുടെ ഓഫിസ് പോലിസിന് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. കേസില്‍ യുഎപിഎ ചുമത്താനാവുമോയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറലിനോട് നേരത്തേ നിയമോപദേശം തേടിയിരുന്നു.
പ്രതികള്‍ക്കെതിരേ കരിനിയമം ചുമത്തുന്നതിനോട് സിപിഎമ്മിനും യോജിപ്പില്ല. കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ യുഎപിഎ ചുമത്തിയതിനെതിരേ പാര്‍ട്ടിയും ജയരാജനും നിയമയുദ്ധത്തിലാണ്. ഇതിനെതിരേ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് 42 കേസുകളില്‍ യുഎപിഎ ചുമത്തിയത് തെറ്റായിപ്പോയെന്ന് പോലിസ് തന്നെ പിന്നീട് കണ്ടെത്തുകയുണ്ടായി.
അതേസമയം, അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. ഇയാളെ കൂടാതെ അഞ്ചുപേരെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. പ്രതികള്‍ വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top