അഭിമന്യു വധം: കുറ്റപത്രം ഇന്നു സമര്‍പ്പിക്കും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഇന്നു സമര്‍പ്പിക്കും. 16 പേര്‍ക്കെതിരേയാണ് കുറ്റപത്രം.
1500ഓളം പേജുകളുള്ളതാണ് കുറ്റപത്രം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കൊലപാതകം നടന്ന് 84 ദിവസം പൂര്‍ത്തിയാവുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കുന്നത്.
മഹാരാജാസ് വിദ്യാര്‍ഥി ഒന്നാംപ്രതി ജെ ഐ മുഹമ്മദ്, രണ്ടാംപ്രതി ആരിഫ് ബിന്‍ സലിം, മുഹമ്മദ് റിഫ, ജെഫ്രി, ഫസലുദ്ദീന്‍, അനസ്, റെജീബ്, അബ്ദുല്‍ റഷീദ്, സനീഷ്, ആരിഫ് ബിന്‍ സലീമിന്റെ സഹോദരന്‍ ആദില്‍ ബിന്‍ സലിം, ബിലാല്‍, റിയാസ് ഹുസയ്ന്‍, സനീഷ്, പത്തനംതിട്ട സ്വദേശി ഫറൂഖ് അമാനി, അബ്ദുല്‍ നാസര്‍, അനൂപ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം നല്‍കുന്നതെന്നാണു വിവരം.
30 പ്രതികളാണു കേസി ലുള്ളത്. ബാക്കി പ്രതികളെ പിടികൂടുന്ന മുറയ്ക്ക് അതുള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണു നീക്കം. പ്രതികളെ പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നതിനാലാണ് ആദ്യഘട്ട കുറ്റപത്രം നല്‍കുന്നത്.
കേസില്‍ ആദില്‍ ബിന്‍ സലിം ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ കഴിഞ്ഞദിവസം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നു കീഴടങ്ങിയ ആദില്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. 20 പേരാണ് ഇതുവരെ കേസില്‍ കസ്റ്റഡിയിലായത്.

RELATED STORIES

Share it
Top