അഭിമന്യു കൊലപാതകം: പോലിസ് പീഡനമുണ്ടായാല്‍ കമ്മീഷണര്‍ക്ക് ഉത്തരവാദിത്തമെന്ന് കോടതി
afsal ph aph2018-07-18T19:52:38+05:30

കൊച്ചി:അഭിമന്യു കൊലക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പോലിസ് പീഡനമുണ്ടായാല്‍ അന്വഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ്കുമാറിനു പൂര്‍ണ ഉത്തരവാദിത്വമുണ്ടെന്നു എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിമാന്റിലായ അനൂബ്, നിസാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിനു പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടേയാണ് കോടതിയുടെ മുന്നറിയിപ്പ്. 21, 22 പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഇരുവരെയും എറണാകുളം സബ് ജയിലില്‍ വച്ചു ചോദ്യം ചെയ്യുന്നതിനു കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശാരീരികമായോ മറ്റോ പീഡനങ്ങളുണ്ടാവരുതെന്നു ജയില്‍ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 21ാം തിയ്യതി നാലു മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. കേസിലെ 24ാം പ്രതിയായ നജീബിനെ 21ാം തിയ്യതി വരെ ചോദ്യം ചെയ്യലിനു പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
അനൂബ്, നിസാര്‍ എന്നിവര്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം ലഭ്യമാകുന്നുണ്ടെന്നു ഉറപ്പുവരുത്തണമെന്നു ജയില്‍ സൂപ്രണ്ടിനു നിര്‍ദ്ദേശം നല്‍കിയിട്ടണ്ട്. നജീബിന്റെ കസ്റ്റഡി കാലായളവില്‍ ഭക്ഷണം, വെള്ളം, വൈദ്യ സഹായം എന്നിവ നല്‍കണമെന്നു അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നജീബിനു എല്ലാ ദിവസം വൈദ്യപരിശോധനയ്ക്കു വിധേയമാക്കി കസ്റ്റഡിക്കു ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടാം തിയ്യതി മുതല്‍ അനൂബിനെ പോലിസ് കസ്റ്റഡിയിലായിരുന്നുവെന്നും ഇനി പോലിസ് കസ്റ്റഡിയുടെ അനുവദിക്കരുതെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു. അനൂബിനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോള്‍ തന്നെ കസ്റ്റഡിയില്‍ വച്ചു മര്‍ദ്ദിച്ച വിവരങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന് വാദിച്ചു. നസീറിനെ കഴിഞ്ഞ ഒന്‍പതു മുതല്‍ കസ്റ്റിയില്‍ വച്ചു ചോദ്യം ചെയ്ത ശേഷം അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതെന്നും ഇനി പോലിസ് കസ്റ്റഡി അനുവദിക്കരുതെന്നും അഭിഭാഷകന് വാദിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സന്ദീപ് കൃഷ്ണയാണ് കേസ് പരിഗണിച്ചത്. 21,22 പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ വി എസ് സലീം, പി കെ സജീവന് എന്നിവരും 24ാം പ്രതിക്കുവേണ്ടി ഹാരിസ് അലിയും ഹാജരായി.