അഭിമന്യുവിന്റെ കൊല: കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പോലിസ് ആദ്യം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ലാല്‍ജി പറഞ്ഞു.  കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കോട്ടയം സ്വദേശി ബിലാല്‍, പത്തനംതിട്ട സ്വദേശി ഫാറൂഖ്, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യംചെയ്തുവരുകയാണെന്നുമാണ് പോലിസില്‍ നിന്നു ലഭിക്കുന്ന സൂചന. ഒളിവില്‍പ്പോയവര്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പോലിസ് ജാഗ്രതാനിര്‍ദേശം നല്‍കി. വിദേശത്തേക്കു കടക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ഇവര്‍ക്കെതിരേ പോലിസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
പലരുടെയും വീടുകളില്‍ പോലിസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൊച്ചി സിറ്റി പോലിസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതികള്‍ക്കായി ഇന്നലെയും തിരച്ചില്‍ തുടര്‍ന്നു. അയല്‍സംസ്ഥാനങ്ങളിലും പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്്.
ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്തി.

RELATED STORIES

Share it
Top