അഭിമന്യുവിന്റെ കൊല ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകം കാംപസ് രാഷ്ട്രീയത്തിലെ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുകാലത്ത് കോളജുകളില്‍ അക്രമം പതിവാണ്. എല്ലാ അക്രമങ്ങളും കൊലപാതകത്തില്‍ എത്തുന്നില്ല എന്നേയുള്ളൂ. അഭിമന്യുവിന്റെ കൊലപാതകം സമൂഹത്തെ ഉണര്‍ത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കാംപസില്‍ രാഷ്ട്രീയം വേണ്ടെന്ന ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍ എസ് അജോയി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് സര്‍ക്കാര്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
ചില കോളജുകളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഓഫിസുകളുമുണ്ടെന്നാണ് പറയുന്നത്.  കാംപസുകള്‍ പഠിക്കാനുള്ളതാണ്. വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാവുന്നത് തെറ്റല്ല. മറിച്ച്, പാര്‍ട്ടികളുടെ രാഷ്ട്രീയാഭിപ്രായം അടിച്ചേല്‍പ്പിക്കുന്നതാണ് കുഴപ്പം. രാഷ്ട്രീയത്തിന്റെ പേരില്‍ കൊല്ലുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് കോടതി സര്‍ക്കാരില്‍ നിന്നു വിശദീകരണം തേടിയത്.
കാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനിയുമൊരു ജീവന്‍ കൂടി നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കലാലയ രാഷ്ട്രീയത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് മുന്‍കാലങ്ങളില്‍ ഇറക്കിയ ഉത്തരവുകള്‍ പാലിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചതിനാലാവാം മഹാരാജാസ് കോളജില്‍ ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായതെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മുന്‍ ഉത്തരവുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top