അഭിമന്യുവിന്റെ കൊലപാതകംകൈരളിയുടെ വ്യാജ വാര്‍ത്തയ്‌ക്കെതിരേ എസ്ഡിപിഐ പ്രകടനം

മലപ്പുറം: അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ്ഡിപിഐ ആണെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി സമ്മതിച്ചെന്ന കൈരളി ചാനലിന്റെ വ്യാജ വാര്‍ത്തയ്‌ക്കെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി മലപ്പുറം നഗരത്തില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
സത്യസന്ധമായ മാധ്യമധര്‍മം നിര്‍വഹിക്കേണ്ട ചാനല്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് വര്‍ഗീയവിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതില്‍ പ്രകടനക്കാര്‍ പ്രതിഷേധിച്ചു. രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി എമര്‍ജിങ് മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്യാനായി ടൗണ്‍ഹാളില്‍ എത്തിയിരുന്നു. അതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയും ചെയ്തിരുന്നു. മഹാരാജാസില്‍ നടന്നത് ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് ഫൈസി പറഞ്ഞത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയത് തങ്ങളെന്ന് എസ്ഡിപിഐ, സ്വയരക്ഷയ്ക്കു വേണ്ടിയാണ് അഭിമന്യുവിനെ കുത്തിയത്, കൊന്നത് ഞങ്ങള്‍ തുടങ്ങിയ സ്‌ക്രോളിങോടുകൂടിയാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. സംപ്രേഷണം നടക്കുന്നതിനിടയില്‍ തന്നെ ചാനലില്‍ ബന്ധപ്പെട്ടപ്പോള്‍ ക്ഷമാപണം നടത്തി വാര്‍ത്ത പിന്‍വലിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചാനല്‍ ഓഫിസിലേക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതെങ്കിലും മലപ്പുറം പ്രസ്‌ക്ലബ് ഭാരവാഹികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രകടനം നഗരത്തിലേക്കു മാറ്റി.
ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, മുസ്തഫ മാസ്റ്റര്‍, ഹംസ മഞ്ചേരി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top