അഭിഭാഷകരുടെ ഹാജര്‍ ഉറപ്പാക്കണം: സിജെഎം

മഞ്ചേരി: റിമാന്റ് പ്രതികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകരില്‍ പലരും കൃത്യമായി കോടതികളില്‍ ഹാജരാവുന്നില്ലെന്ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടിലിന്റെ റിപോര്‍ട്ട്.
ജില്ലയിലെ പോലിസ് സ്റ്റേഷനുകളില്‍ നിയോഗിച്ച പാനല്‍ അഭിഭാഷകരും പാരാലീഗല്‍ വോളന്റിയര്‍മാരും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് മജിസ്‌ട്രേറ്റുമാര്‍ ഉറപ്പു വരുത്തണമെന്നും മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാജന്‍ തട്ടില്‍ ജില്ലയിലെ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി. സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന് നിയോഗിച്ച അഭിഭാഷകര്‍ക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കുന്നുണ്ട്.
എന്നാല്‍, പലരും കോടയില്‍ ഹാജരാവാത്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. റിമാന്റ് അഭിഭാഷകരുടെ സാന്നിധ്യം അതാത് മജിസ്‌ട്രേറ്റുമാര്‍ ഉറപ്പുവരുത്തണമെന്നും നിയോഗിക്കപ്പെട്ട അഭിഭാഷകരുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ പൊതുജനങ്ങള്‍ കാണുംവിധം പ്രദര്‍ശിപ്പിക്കണമെന്നും സിജെഎം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല, കോടതിയില്‍ നിയോഗിക്കപ്പെട്ട വക്കീലന്മാരുടെ അറ്റന്റന്‍സ് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
കോടതി നിര്‍ദേശത്തോടെ കൃത്യ നിര്‍വഹണത്തിനെത്തിയ അഭിഭാഷകനെ കോട്ടക്കല്‍ എസ്‌ഐ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
നിയോഗിതരായ അഭിഭാഷകര്‍ കോടതികളില്‍ കൃത്യമായി ഹാജരാവുന്നുണ്ടോയെന്നത് അതാത് മജിസ്‌ട്രേറ്റുമാര്‍ ഉറപ്പു വരുത്തണമെന്നും സിജെഎം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top