അഭിഭാഷകന്റെ ഓഫിസില്‍ എഫ്ബിഐ റെയ്ഡ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്റെ ഓഫിസുകളില്‍ എഫ്ബിഐ റെയ്ഡ് നടത്തി. കോഹന്റെ മാന്‍ഹട്ടണിലെ വീട്ടിലും ഹോട്ടല്‍ മുറിയിലുമാണ് സംഘം പരിശോധന നടത്തിയത്. 2016 പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുമ്പ് അശ്ലീല നടി സ്‌റ്റോമി ഡാനിയല്‍സിന് 1,30,000 ഡോളര്‍ നല്‍കിയതിന്റേതടക്കമുള്ള രേഖകള്‍ കോഹന്റെ ഓഫിസില്‍ നിന്നു പിടിച്ചെടുത്തതായാണ് വിവരം.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് കോഹന്റെ അഭിഭാഷകന്‍ സ്റ്റീഫന്‍ റയാന്‍ അറിയിച്ചു.
റെയ്ഡ് വാര്‍ത്ത പുറത്തുവന്നതോടെ മുള്ളറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ കൗണ്‍സിലിനെതിരേ ട്രംപ് പൊട്ടിത്തെറിച്ചു. മുള്ളറുടെ അന്വേഷണം മന്ത്രവാദിയുടെ വേട്ടയാടല്‍ പോലെയാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിനെതിരേയുള്ള ആക്രമണമാണ്. കോഹന്‍ നല്ല മനുഷ്യനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തിരിമറികള്‍ നടന്നിട്ടുണ്ടോ എന്നു കണ്ടെത്തുന്നതിനായി കോഹന്റെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തുമെന്നു വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. റെയ്ഡ് ട്രംപിന് കനത്ത തിരിച്ചടിയായിരിക്കുകയാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.
അവിഹിതബന്ധം പുറത്തു പറയാതിരിക്കാന്‍ സ്‌റ്റോമി ഡാനിയല്‍സിനു പണം നല്‍കിയെന്ന വാര്‍ത്ത ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്‍, സ്‌റ്റോമി ഡാനിയല്‍സിന് പണം കൈമാറിയതായി കോഹന്‍ സമ്മതിച്ചിരുന്നു. അത് എന്തിന് കൈമാറിയെന്നു വ്യക്തമാക്കിയിരുന്നില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട് ട്രംപിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവടക്കം 19 പേര്‍ക്കെതിരേ കമ്മിറ്റി കുറ്റം ചുമത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top