അഭയാര്‍ഥി വിഷയം ചര്‍ച്ച ചെയ്ത് ജി-7

റോം: ലോകം നേരിടുന്ന അഭയാര്‍ഥി വിഷയം ചര്‍ച്ചചെയ്തു സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയുടെ അവസാന ദിനം. ആഫ്രിക്കയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ധാരണയിലെത്തിയ ഉച്ചകോടി യൂറോപ്പിലെ അഭയാര്‍ഥി പ്രതിസന്ധിയും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ജി-7 രാഷ്ട്രങ്ങള്‍ക്കു പുറമേ ആഫ്രിക്കന്‍ രാജ്യങ്ങളായ തുണീസ്യ, കെനിയ, നൈജര്‍, നൈജീരിയ എന്നിവയില്‍ നിന്നുള്ള പ്രതിനിധികളും ഇറ്റലിയിലെ സിസിലിയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുത്തു. ആതിഥേയ രാഷ്ട്രമായ ഇറ്റലിയാണ് ഇരുവിഷയങ്ങളിലും ശ്രദ്ധക്ഷണിച്ചത്. മികച്ച ജീവിത സാഹചര്യങ്ങള്‍ തേടി ആഫ്രിക്കയില്‍ നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറുന്ന ജനതയെ അനുഭാവപൂര്‍വം പരിഗണിക്കണമെന്നായിരുന്നു ഇറ്റലിയുടെ നിര്‍ദേശം. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ഭക്ഷ്യ സുരക്ഷയ്ക്കും മുന്തിയ പരിഗണന നല്‍കണമെന്നും ഇറ്റലി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് മനുഷ്യക്കടത്തിന് ആക്കം കൂട്ടുമെന്ന നിലപാടാണ് ട്രംപ് ഭരണകൂടത്തിനുള്ളത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന പാരിസ് ഉടമ്പടി, സ്വതന്ത്ര വ്യാപാരക്കരാര്‍ എന്നിവയെയും ട്രംപ് എതിര്‍ത്തിരുന്നു. അതേസമയം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഉച്ചകോടി സംയുക്തമായി തീരുമാനിച്ചു. ട്രംപ് നടത്തി വരുന്ന വിദേശ സന്ദര്‍ശനങ്ങളുടെ  അവസാനദിനം കൂടിയായിരുന്നു ഇന്നലെ.

RELATED STORIES

Share it
Top