അഭയാര്‍ഥികളുടെ പിന്നാമ്പുറ കഥയുമായി ഇന്‍സള്‍ട്ട്

തിരുവനന്തപുരം: അറബ് രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ പിന്നാമ്പുറ ജീവിതങ്ങള്‍ വരച്ചുകാട്ടിയ ദി ഇന്‍സള്‍ട്ട് കാലിക പ്രസക്തിയുള്ള ചിത്രമാണ്. ചലച്ചിത്രമേളയുടെ തുടക്കം ഗംഭീരമാക്കാന്‍ സിയാദ് ദൗഈരിയുടെ കാഴ്ചപ്പാടുകള്‍ക്കായി എന്നത് പറയാതെവയ്യ. നിസ്സാരമായ പ്രശ്‌നങ്ങള്‍ ഊതി വീര്‍പ്പിച്ച് അന്താരാഷ്ട്ര മാനം കൈവരിക്കുന്നതെങ്ങനെയെന്ന് ഈ ഫ്രഞ്ച്-ലെബനീസ് സിനിമ വരച്ചുകാട്ടി. അഭയാര്‍ഥിയായ ഫലസ്തീന്‍ മുസ്‌ലിമായ യാസറും ലെബനന്‍ ക്രിസ്ത്യാനിയായ ടോണിയും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കഥാതന്തു. ഈ തര്‍ക്കം രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് പരിഹരിക്കാനാവാത്തവിധം രാജ്യാന്തര പ്രശ്‌നമായി പരിണമിക്കുന്നു. കാര്യങ്ങള്‍ ഒരു കോടതി മുറിയിലേക്ക് എത്തിക്കുകയും തുടര്‍ന്ന് ആ കോടതി മുറിക്കുള്ളില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ കഥ മുന്നോട്ടു പോവുകയും ചെയ്യുന്നു. ഒരു ചെറിയ വാഗ്വാദത്തില്‍ നിന്നുകൊണ്ട് ലെബനന്‍ രാഷ്ട്രീയത്തിന്റെ പൂര്‍ണരൂപം കാഴ്ചക്കാര്‍ക്കു മുന്നില്‍ വരച്ചു കാട്ടുകയാണ് സംവിധായകന്‍ സിയാദ് ദൗഈരി. അഭയാര്‍ഥികളാണു വിപ്ലവങ്ങളുടെ പ്രധാന കാരണമെന്ന് ചിത്രം പറയുന്നു. മതപരവും പ്രാദേശികവുമായ സമകാലിക വിവാദ വിഷയമെന്നുള്ളതും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. 74ാമതു വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ദി ഇന്‍സള്‍ട്ടിലെ അഭിനയത്തിനു കമേല്‍ അല്‍ ബാഷ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ലെബനീസ് സംവിധായകനും ഛായാഗ്രഹകനുമായ സിയാദ് ദൗഈരി ഇതിനോടകം അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1998ല്‍ വെസ്റ്റ് ബെയ്‌റൂട്ട് എന്ന ആദ്യ സിനിമയിലൂടെ ശക്തമായ സാമൂഹിക വിശകലനം നടത്തിയാണ് സിയാദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം ടൊറൊന്റോ, കാന്‍ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകളില്‍ നിരവധി പുരസ്‌കാരങ്ങളും പ്രേക്ഷക പ്രശംസയും സ്വന്തമാക്കി.

RELATED STORIES

Share it
Top