അഭയകേന്ദ്രങ്ങളില്‍ പരിശോധനക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച സന്നദ്ധ സംഘടനയായ മിഷിനറീസ് ഓഫ് ചാരിറ്റിയുടെ രാജ്യമെമ്പാടുമുള്ള അഭയകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന്റെ നിര്‍ദേശം. മിഷിനറീസ് ഓഫ് ചാരിറ്റിയുടെ ചില അഭയകേന്ദ്രങ്ങളില്‍ നിന്നു നിയമവിരുദ്ധമായി ദത്തെടുക്കല്‍ നടക്കുന്നുവെന്നുള്ള പരാതികളെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ പരമോന്നത ദത്തെടുക്കല്‍ നിയന്ത്രണ അതോറിറ്റിയായ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റിയുമായി (സിഎആര്‍എ) എല്ലാ അഭയകേന്ദ്രങ്ങളെയും ഒരു മാസത്തിനകം ബന്ധിപ്പിക്കണമെന്നും കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി സംസ്ഥാന സര്‍ക്കാരുകള്‍ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ദത്തെടുക്കലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനു കോടതികള്‍ക്ക് പകരം ജില്ലാ മജിസ്‌ട്രേറ്റുമാരെയും കലക്ടര്‍മാരെയും’പ്രാപ്തിയുള്ള ഓഫിസര്‍ മാരാക്കുന്നതിന് ബാലനീതി നിയമം ഭേദഗതി ചെയ്യുമെന്നും മേനകാ ഗാന്ധി പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിക്ക് കീഴില്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഹൃദയ് അഭയകേന്ദ്രത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കുഞ്ഞിനെ കൈമാറ്റം ചെയ്‌തെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരി അനിമ ഇന്‍ഡ്വറിനെയും മിഷനറീസ് ഓഫ് ചാരിറ്റി അംഗമായ സിസ്റ്റര്‍ കൊന്‍സിലിയയെയും പോലിസ് കഴിഞ്ഞ വാരം അറസ്റ്റ് ചെയ്തിരുന്നു. യുപി സ്വദേശികളായ ദമ്പതിമാര്‍ക്ക് നവജാതശിശുവിനെ വിറ്റെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ദത്തെടുക്കല്‍ നിയമാവലികളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്ന് മിഷണറീസ് ഓഫ് ചാരിറ്റി അവരുടെ അനാഥമന്ദിരങ്ങളില്‍ ദത്തെടുക്കല്‍ നിര്‍ത്തി വച്ചിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ദത്തെടുക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ചായിരുന്നു തീരുമാനം.
ഈ നിലപാട് സ്വീകരിച്ചതിലൂടെ മതേതര അജണ്ടയ്ക്കു കീഴില്‍ വരാന്‍ മിഷനറീസ് ഓഫ് ചാരിറ്റി വിസമ്മതിച്ചിരിക്കുകയാണെന്ന് മേനകഗാന്ധി ആരോപിക്കുകയും ചെയ്തു. ഇതിനിടെയാണു ജാര്‍ഖണ്ഡ് കേന്ദ്രത്തില്‍ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പുതിയ നടപടികളെന്നും ആരോപണമുയരുന്നുണ്ട്.

RELATED STORIES

Share it
Top