അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ 24ന് ഹാജരാക്കാന്‍ നിര്‍ദേശം

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ ഈ മാസം 24നു ഹാജരാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) പ്രത്യേക കോടതി നിര്‍ദേശിച്ചു. കേസിലെ 35ാം പ്രതിയായ ഖുറേഷി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ജനുവരിയില്‍ ഡല്‍ഹി പോലിസാണു ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കൊച്ചിയില്‍ ഹാജരാക്കാനിരിക്കെ അഹ്മദാബാദ് സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ ഗുജറാത്തിലെ സൂറത്തിലേക്കു കൊണ്ടുപോയി.
ഇതേ തുടര്‍ന്നാണു 24നു ഹാജരാക്കാന്‍ കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഈ വിവരം തിഹാര്‍ ജയില്‍ അധികാരികള്‍ക്ക് എന്‍ഐഎ കൈമാറിയിട്ടുണ്ട്. ഇയാളുടെ യാത്രയിലും കോടതി പരിസരത്തും സുരക്ഷ ഒരുക്കാന്‍ കേരള പോലിസിനോടും അഭ്യര്‍ഥിച്ചു. ഖുറേഷിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ ക്യാംപ് നടക്കുമ്പോള്‍ ഖുറേഷിയായിരുന്നു സിമിയുടെ ട്രഷറര്‍ എന്നാണ് എന്‍ഐഎ ആരോപിക്കുന്നത്. കേരളത്തില്‍ സിമി പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കിയ വിവരങ്ങളാണ് ഇയാളില്‍ നിന്നും എന്‍ഐഎ തേടുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേസുകളില്‍ പ്രതിയാണ് ഖുറേഷി. വാഗമണ്‍ കേസിലെ 35 പ്രതികളുടെ വിചാരണ അവസാന ഘട്ടത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍ കോടതി വിധി പറഞ്ഞേക്കും.
കേസില്‍ 77 പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ വാസിക് ബില്ല ഇപ്പോഴും ഒളിവിലാണ്. തടവില്‍ കഴിയുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്ന യുവാക്കളില്‍ 31ാം പ്രതി മെഹബൂബ് മാലിക്ക് ഉള്‍പ്പെടുന്നു.

RELATED STORIES

Share it
Top