അബ്ദുല്‍ ഖാദര്‍ എങ്ങനെ പ്രേംനസീറായി?

സാജു ചേലങ്ങാട്

സിനിമയില്‍ അഭിനയിക്കാന്‍ വന്ന ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ എങ്ങനെ പ്രേംനസീറായി? പേരുമാറ്റത്തിനു പിന്നില്‍ കേട്ടുതഴമ്പിച്ച കഥ ഇങ്ങനെ: ഉദയ സ്റ്റുഡിയോയില്‍ കുഞ്ചാക്കോയും കെ വി കോശിയും തങ്ങളുടെ  കെആന്റ്‌കെ പ്രൊഡക്ഷന്‍സ് എന്ന ബാനറിന്റെ കീഴില്‍ 'വിശപ്പിന്റെ വിളി' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലം തിക്കുറിശ്ശി സുകുമാരന്‍നായര്‍, അഭയദേവ് തുടങ്ങിയവരുമായി കുഞ്ചാക്കോയും കോശിയും ഈ സിനിമയെപ്പറ്റി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തി. പറ്റിയ ഒരു നായകനെ സിനിമയ്ക്കു വേണം. പുതുമുഖങ്ങളും പഴയ മുഖങ്ങളുമൊക്കെ പൊന്തിവന്ന ചര്‍ച്ചയ്ക്കിടയില്‍ 'മരുമകള്‍' എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ചിറയിന്‍കീഴ്  സര്‍ക്കാരഴികത്ത് അബ്ദുല്‍ ഖാദറെന്ന ചെറുപ്പക്കാരന്റെ കാര്യം അഭയദേവ് എടുത്തിട്ടു. ഈ സിനിമയ്ക്കായി പാട്ടെഴുതിയ അഭയദേവിന് ഖാദറിനെ നന്നായി അറിയാം, അഭിനയവും കണ്ടിട്ടുണ്ട്.


എങ്കില്‍ ഖാദറിനെ വരുത്താന്‍ കുഞ്ചാക്കോയും കോശിയും അഭയദേവിനോട് നിര്‍ദേശിച്ചു. ഫോണ്‍ സൗകര്യം നന്നേ കുറവായിരുന്ന 1950ന്റെ തുടക്കത്തില്‍ അഭയദേവ് കാര്യങ്ങള്‍ വിശദീകരിച്ച് ഖാദറിന്റെ ചിറയിന്‍കീഴ് വീട്ടിലേക്ക് കത്തയച്ചു. മറ്റൊരു സിനിമയില്‍ കൂടി അവസരം ലഭിച്ച സന്തോഷത്തില്‍ ആലപ്പുഴയില്‍ ബോട്ടിറങ്ങി ഉദയ സ്റ്റുഡിയോയില്‍ ഖാദറെത്തുമ്പോള്‍ നായകനെ കണ്ടെത്താനുള്ള അഭിമുഖവും കാമറാ ടെസ്റ്റുമൊക്കെ നടക്കുകയാണ്.
വെള്ളിനക്ഷത്രം മുതല്‍ കാമറാ അസിസ്റ്റന്റായി ഉദയയില്‍ കൂടിയ ആലപ്പുഴക്കാരന്‍ കൃഷ്ണന്‍കുട്ടി (അതേ പഴയ കാമറാമാന്‍ കൃഷ്ണന്‍കുട്ടി തന്നെ)ക്കാണ് കാമറാ ടെസ്റ്റിന്റെ ചുമതല. വന്നവരെ ജോടികളാക്കിയാണ് ടെസ്റ്റിങ്ങിനു വിധേയമാക്കിയത്. ഖാദറിന്റെ കൂടെ ആലപ്പുഴ സ്വദേശിയായ ഒരു ജോണിനെയും ജോടി ചേര്‍ത്തു. എന്നാല്‍, ഖാദറിനു മുന്‍ അഭിനയപരിചയമുള്ളതിനാല്‍ ടെസ്റ്റ് വേണ്ടെന്ന കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം കുഞ്ചാക്കോയും കോശിയും അംഗീകരിച്ചപ്പോള്‍ ആ ചടങ്ങ് ജോണില്‍ മാത്രമായി ഒതുങ്ങി. ഒടുവില്‍ ഖാദറിനെ നായകനായും ജോണിനെ നടനായും തിരഞ്ഞെടുത്തു.
അപ്പോള്‍ കുഞ്ചാക്കോയുടെ കച്ചവടക്കണ്ണില്‍ ഒരു സംശയം നിഴലിച്ചു. ന്യൂനപക്ഷക്കാരായ രണ്ടു കൂട്ടര്‍ ഒന്നിച്ചൊരു സിനിമയില്‍ വന്നാല്‍ ആ സിനിമ ഭൂരിപക്ഷത്തിന് സ്വീകാര്യമാവുമോ എന്ന സംശയം കോശിയിലേക്കും കുടിയേറാതിരുന്നില്ല. ഒടുവില്‍ അവര്‍ തന്നെ പരിഹാരം കണ്ടെത്തി. രണ്ടു പേരും പുത്തന്‍പേരുകള്‍ സ്വീകരിക്കുക, സിനിമയില്‍ വേരുപിടിക്കണമല്ലോ. ഖാദറും ജോണും നിര്‍മാതാക്കളുടെ നിര്‍ദേശം അംഗീകരിച്ചു. പുത്തന്‍ നാമകരണജോലി തിക്കുറിശ്ശി ഏറ്റെടുത്തു. ഖാദറിനെ പ്രേംനസീര്‍ എന്നും ജോണിനെ ശശികുമാര്‍ (പില്‍ക്കാല സംവിധായകന്‍) എന്നും തിക്കുറിശ്ശി പേരു ചൊല്ലി വിളിച്ചെന്നാണ് നാം ഇന്നുവരെ കേട്ടിട്ടുള്ള കഥ.
ഇനി പറയുന്നത് ആരും കേള്‍ക്കാത്ത മറ്റൊരു കഥ: 'മരുമകള്‍' എന്ന സിനിമയില്‍ അബ്ദുല്‍ ഖാദറായിരുന്നു നായകന്‍. പോള്‍ കല്ലുങ്കല്‍ നിര്‍മിച്ച ഈ സിനിമയില്‍  ഖാദറിനെ  നായകനാക്കിയത് നിര്‍മാതാവ് തന്നെയായിരുന്നു. സേലം രത്‌ന സ്റ്റുഡിയോയിലായിരുന്നു 'മരുമകളു'ടെ ഷൂട്ടിങ്. ഇതിലെ ഗാനങ്ങള്‍ എഴുതിയതാവട്ടെ അഭയദേവും. കുഞ്ചാക്കോയ്ക്ക് ഖാദറെന്ന പേരില്‍ തോന്നിയ സംശയം രത്‌ന സ്റ്റുഡിയോയില്‍ വച്ചു പോള്‍ കല്ലുങ്കലിനുമുണ്ടായിരുന്നു. എന്നാല്‍, പേര് പരിഷ്‌കരിക്കണമെന്ന തോന്നല്‍ സംവിധായകന്‍ ചാരിക്കാണുണ്ടായത്. പാട്ടെഴുത്തിനു കൂടെയുണ്ടായിരുന്ന ഹിന്ദി പണ്ഡിതന്‍ കൂടിയായ അഭയദേവിനോട് സംവിധായകന്‍ കാര്യം ഉണര്‍ത്തി. അദ്ദേഹത്തിന്റെ പക്കലാവട്ടെ ഉത്തരേന്ത്യന്‍ പേരുകള്‍ ധാരാളമുണ്ട്. സര്‍വമതസ്ഥര്‍ക്കും സ്വീകാര്യമാവുന്ന ഒരു പേര് അദ്ദേഹം സേലത്തുവച്ച് ഖാദറിന് ചാര്‍ത്തി- പ്രേംനസീര്‍.
'മരുമകളി'ന്റെ പരസ്യത്തില്‍ തന്നെ ഇതു പ്രകടമാണ്. അഭിനേതാക്കളില്‍ ഒന്നാമനായ അബ്ദുല്‍ ഖാദറിനൊപ്പം ബ്രാക്കറ്റില്‍ പ്രേംനസീര്‍ എന്നു നല്‍കിയിട്ടുണ്ട്. ബ്രാക്കറ്റിലെ ആ പേര്‍ 'വിശപ്പിന്റെ വിളി'യില്‍ ഒന്നാമതാവുമ്പോള്‍ ഉദയ സ്റ്റുഡിയോയില്‍ പാട്ടെഴുതാന്‍ അഭയദേവും ഉണ്ടായിരുന്നു. അദ്ദേഹമാണ് കുഞ്ചാക്കോയ്ക്കും കോശിക്കും 'മരുമകളി'ലെ പ്രേംനസീറെന്ന പേര് പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് തിക്കുറിശ്ശി ഇതിന്റെ അവകാശം പൂര്‍ണമായി കൈയടക്കിയപ്പോള്‍ അഭയദേവ് മൗനം പാലിച്ചത് ഇക്കാര്യത്തില്‍ തിക്കുറിശ്ശിക്കുള്ള സ്ഥാനം ഉറയ്ക്കുന്നതിനു കാരണമായി.
എന്നാല്‍, അഭയദേവിന്റെ സുഹൃത്തുക്കളില്‍ പലര്‍ക്കും പ്രേംനസീറെന്ന പേരിന്റെ സ്രഷ്ടാവ് അദ്ദേഹമായിരുന്നുവെന്നറിയാമായിരുന്നു. അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകരില്‍ ചിലരോടും അഭയദേവ് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹവുമായി അഭിമുഖ സംഭാഷണത്തിലേര്‍പ്പെട്ടിട്ടുണ്ട്. 'അബ്ദുല്‍ ഖാദറെ' പ്രേംനസീറെന്നു വിളിച്ചത് താനാണെന്ന് അഭയ്‌ദേവ് എന്നോട് പറഞ്ഞിട്ടുണ്ട്- മോഹന്‍കുമാര്‍ ഓര്‍ക്കുന്നു. അഭയദേവിന്റെ ചെറുമകനും പത്രപ്രവര്‍ത്തകനുമായ ബൈജു എന്‍ നായരും ഇക്കാര്യം അടിവരയിടുന്നു. ഇതേപ്പറ്റി അന്വേഷണം നടത്തിയ ബൈജു പറയുന്നത് ഇങ്ങനെ: 'പ്രേം എന്നത് ഹിന്ദി നാമമാണ്. അതുപോലെ സുമുഖന്‍, സുന്ദരന്‍ എന്നൊക്കെ അര്‍ഥം വരുന്ന 'നസീര്‍' ഉര്‍ദുവില്‍ പരക്കെ ഉപയോഗിക്കുന്നുണ്ട്. ഹിന്ദി അറിയാവുന്ന അപ്പൂപ്പന്‍ ഇവ രണ്ടും ചേര്‍ത്താണ് പ്രേംനസീര്‍ എന്ന പേരുണ്ടാക്കിയത്. ഒന്നിലും അവകാശവാദങ്ങളുന്നയിക്കാതെ കഴിവതും ശാന്തമായ സ്വഭാവമായിരുന്നു ഗാന്ധിയനായ അപ്പൂപ്പന്റേത്. അതുകൊണ്ടായിരിക്കാം പ്രേംനസീറെന്ന പേരിന്റെ കാര്യത്തില്‍ തിക്കുറിശ്ശി അവകാശമുന്നയിക്കുമ്പോള്‍ അപ്പൂപ്പന്‍ നിശ്ശബ്ദനായിരുന്നത്.'
പ്രേംനസീറിന്റെ നവതി ആഘോഷം തുടങ്ങിക്കഴിഞ്ഞു. ജനിച്ച് 90 വര്‍ഷമാവുമ്പോഴും മരിച്ച്, കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും പ്രേംനസീറെന്ന നടന്റെ പുനര്‍നാമകരണത്തിന്റെ പിന്നാമ്പുറ കഥ ഇരുള്‍മൂടിക്കിടക്കുന്നു.

RELATED STORIES

Share it
Top