അബ്ദുല്‍സലാം വധം: എട്ട് പേര്‍ക്കെതിരേ കേസ്


കുമ്പള: മൊഗ്രാല്‍ പേരാലിലെ അബ്ദുല്‍സലാമി(22)നെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ എട്ടു പേര്‍ക്കെതിരേ കുമ്പള പോലിസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഒരു സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന കര്‍ണാടക ബെള്ളാര സ്വദേശിയും കുമ്പള നായിക്കാപ്പില്‍ താമസക്കാരനുമായ മുഹമ്മദ് നൗഷാദ്(32) മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കുമ്പള എസ്‌ഐ ജയശങ്കറിന്റെ പരാതിയില്‍ സിദ്ദീഖ് എന്ന മാങ്ങാമൂടി സിദ്ദീഖ്, ഫാറൂഖ്, സഹീര്‍ കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തത്. അതിനിടെ പോലിസ് നടത്തിയ റെയ്ഡില്‍ രണ്ട് വടിവാളുകള്‍, ഒരു മഴു എന്നിവ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഇവ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. നേരത്തേ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുല്‍സലാം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. അതിനിടെ മഞ്ചേശ്വരം, കുമ്പള പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ രാത്രികാലങ്ങളില്‍ 11ന് ശേഷം ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിന് പോലിസ് വിലക്ക് ഏര്‍പ്പെടുത്തി. ലൈസന്‍സുള്ള കടകള്‍ 10 വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. രാത്രി കാലങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് ഗുണ്ടാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലിസ് നടപടി.

RELATED STORIES

Share it
Top