അബ്കാരി കേസ്: ഉടമയ്ക്ക് ലേല തുകയും പലിശയും നല്‍കണം

കൊച്ചി: അബ്കാരി കേസില്‍ പിടിച്ചെടുത്ത ലോറി ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് വകവയ്ക്കാതെ ലേലത്തില്‍ വിറ്റ എക്‌സൈസ് അധികൃതര്‍ ഉടമയ്ക്ക് ലേലത്തുകയും പലിശയും ഒരു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കള്ളുമായി പോവുമ്പോള്‍ പെര്‍മിറ്റില്ലെന്ന പേരില്‍ 2010ല്‍ മുളവുകാട് പോലിസ് പിടിച്ചെടുത്ത ലോറി ലേലത്തില്‍ വിറ്റത് ചോദ്യംചെയ്ത് ഉടമ സെലിന്‍ ആന്റണി സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. സ്‌റ്റേ നല്‍കിയ ദിവസം തന്നെ ലോറി ലേലത്തില്‍ വിറ്റ നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്നു വിലയിരുത്തിയ കോടതി ലേലത്തില്‍ ലഭിച്ച 1,52,000 രൂപ ലേലം നടന്ന 2012 ഒക്ടോബര്‍ 18 മുതലുള്ള ആറു ശതമാനം പലിശയടക്കം ഹരജിക്കാരിക്ക് നല്‍കണമെന്നു നിര്‍ദേശി ച്ചു. ഹരജിക്കാരി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ലോറിയാണ് പെര്‍മിറ്റില്ലെന്ന പേരില്‍ പോലിസ് പിടിച്ചെടുത്തത്. പിന്നീട് വാഹനം പോലിസ് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറി. ഇതിനിടെ, കള്ളില്‍ മായം ചേര്‍ന്നിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനാ റിപോര്‍ട്ട് വരുകയും കള്ള് കൊണ്ടുപോവാനുള്ള പെര്‍മിറ്റ് ലോറിക്ക് ഉണ്ടെന്നു തെളിയുകയും ചെയ്തു. 2010 നവംബര്‍ ഒന്നുമുതല്‍ 2011 മാര്‍ച്ച് 31 വരെയുള്ള പെര്‍മിറ്റ് ഉണ്ടായിരുന്നെങ്കിലും വാഹനം പിടിച്ചെടുക്കുമ്പോള്‍ പെ ര്‍മിറ്റ് കമ്മീഷണറുടെ ഒപ്പുള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി അയച്ചിരിക്കുകയായിരുന്നെന്നാണ് വ്യക്തമായത്.

RELATED STORIES

Share it
Top