അബോധാവസ്ഥയിലും സുമേഷ് തല്ലല്ലേ..തല്ലല്ലേ എന്നു പറയുന്നു

കൊല്ലങ്കോട്: പുതുനഗരം അടിച്ചിറക്ക് സമീപം വിരിഞ്ഞിപ്പാടത്ത്  റെയില്‍പാളത്തിന് സമീപം ജൂണ്‍ 17ന് ഒരാള്‍ മരിച്ച നിലയിലും മറ്റൊരാള്‍ അബോധാവസ്ഥയിലും കണ്ടെത്തിയ സംഭവത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സുമേഷിന്റെ മൊഴിയെടുക്കാന്‍ കഴിയാതെ പോലിസ്. അബോധാവസ്ഥയിലും തല്ലല്ലേ...തല്ലല്ലേ എന്ന് ഇടയ്ക്കിടെ പറയുന്നതായും കൂടുതലായി മറ്റൊന്നും സംസാരിക്കുന്നില്ലന്നും പറയുന്നു. ജിബിന്‍ എന്ന യുവാവിനെ കഞ്ചാവ് മാഫിയകള്‍ വകവരുത്തിയതായിരിക്കുമെന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
സുമേഷിന് ബോധം വരുന്ന മുറയ്ക്ക് മാത്രമേ സംഭവങ്ങള്‍ നടന്ന വിവരങ്ങള്‍  ചോദിച്ച് മനസിലാക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലിസ്. ട്രെയിന്‍തട്ടിയാണ് സുമേഷ് അബോധാവസ്ഥയിലായതെന്നും ജിബിന്‍ മരിക്കാനിടയായതെന്നുമാണ് പോലിസ് നിഗമനം.എന്നാല്‍ ട്രെയിന്‍ തട്ടിയതായി അടുത്തുള്ള സ്‌റ്റേഷനില്‍ ട്രെയിന്‍ ലോക്കോ പൈലറ്റോ ഗാര്‍ഡോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നു സ്‌റ്റേഷന്‍ മാസ്റ്റര്‍ പറയുന്നു.സംഭവസ്ഥലത്ത് 15 മീറ്റര്‍ വ്യത്യാസത്തിലായാണു രണ്ടു പേര്‍ കിടന്നിരുന്നത്.
സംഭവസ്ഥലത്തു നിന്നു  സിം കാര്‍ഡ് ഇല്ലാത്ത മൊബൈല്‍ കണ്ടെത്തിയത് ആരുടെതാണെന്ന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല. മരണ കാരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയത്തിന് ഇതാണ് കാരണമായത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലന്നും ബന്ധുക്കള്‍ പറയുന്നു. സംഭവം നടന്നതായി പറയുന്ന പുലര്‍ച്ച ഇതുവഴി മത്സ്യ കച്ചവടത്തിനായി പോകുന്നവര്‍ ശബ്ദം കേട്ട് ഇരുവരുടേയും അടുത്തുചെന്നിരുന്നതായും പറയുന്നുണ്ട്. പോലിസില്‍ വിവരം നല്‍കാന്‍ ഇവര്‍ക്കും പേടിയാണെന്നാണു സംസാരം. സംഭവം നടന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും പോലിസ് അന്വേഷണം കാര്യക്ഷമല്ലന്നു ബന്ധുക്കളും നാട്ടുകാരും പറയുന്നു.

RELATED STORIES

Share it
Top