അബോധാവസ്ഥയിലായ മലയാളിയെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിക്കും

അബുദബി; കഴിഞ്ഞ ഒന്നര മാസമായി അബോധാവസ്ഥയില്‍ അബുദബിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പൊന്നാനി മാനൂര്‍ സ്വദേശി കണ്ടത്തി വളപ്പില്‍ മുസ്തഫയെ (53) പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനത്തില്‍ നാളെ കൊച്ചിയിലെത്തിക്കും. അബുദബിയിലെ ഖാലിദിയ മാള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നതിനിടെ ബോധരഹിതനായി കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് അബുദബിയിലെ ക്ലവ്‌ലാന്റ് ക്ലിനിക്കിലേക്ക് മാറ്റുകയായിരുന്നു. ഒന്നര മാസമായിട്ടും ബോധം തിരിച്ച് കിട്ടാത്ത സാഹചര്യത്തില്‍ തുടര്‍ ചികില്‍സ നാട്ടില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മുസ്തഫയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. സാധാരണ വിമാനത്തില്‍ കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് പ്രത്യേക എയര്‍ ആംബുലന്‍സ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത്. നാളെ ഉച്ചക്ക് 3 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന രോഗിയെ നേരിട്ട് ആശുപത്രിയിലേക്ക് കൊണ്ട് പോകും. ഇതിനായ എല്ലാ ക്രമീകരണങ്ങളും ചെയ്തതായി ലുലു ഗ്രുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന മുസ്തഫക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. ദുബയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മകനും വിദഗ്ദ്ധ മെഡിക്കല്‍ സംഘവും മുസ്തഫയെ അനുഗമിക്കുന്നുണ്ട്.

RELATED STORIES

Share it
Top