അബു സലിം മൂന്നാം വിവാഹത്തിന്; പരോള്‍ അപേക്ഷ തള്ളി

മുംബൈ: 1993ലെ മുംബൈ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട ഗുണ്ടാ സംഘാംഗം അബു സലിമിന് അധികൃതര്‍ പരോള്‍ നിഷേധിച്ചു. വിവാഹിതനാവുന്നതിന് 40 ദിവസത്തെ പരോള്‍ നല്‍കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നവി മുംബൈയിലെ തലോജ ജയിലിലാണ് അബു സലിമിനെ പാര്‍പ്പിച്ചിരിക്കുന്നത്.
ഒരു മാസം മുമ്പ് പരോളിന് സലിം നല്‍കിയ അപേക്ഷ തീരുമാനമെടുക്കുന്നതിന് കൊങ്കണ്‍ ഡിവിഷനല്‍ കമ്മീഷണര്‍ക്ക് കൈമാറിയിരുന്നുവെന്ന് മുതിര്‍ന്ന പോലിസുദ്യോഗസ്ഥന്‍ അറിയിച്ചു. സലിമിന്റെ സുരക്ഷ കണക്കിലെടുത്താണ് പരോള്‍ അപേക്ഷ തള്ളിയതെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുവരുകയാണ് സലിം. അപേക്ഷ തള്ളുന്നതിനു മുമ്പ് ഡിവിഷനല്‍ കമ്മീഷണര്‍ താനെ പോലിസ് കമ്മീഷണററേറ്റില്‍ നിന്നു റിപോര്‍ട്ട് തേടിയിരുന്നു. കമ്മീഷണറേറ്റ് സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ തള്ളിയത്. മുംബ്രയിലെ വിലാസമാണ് അബുസലിം അധികൃതര്‍ക്ക് നല്‍കിയിരുന്നത്. താനെ പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍പ്പെട്ട സ്ഥലമാണ് മുംബ്ര.
അമ്പത് വയസ്സ് കഴിഞ്ഞ സലിം ഇത് മൂന്നാം തവണയാണ് വിവാഹത്തിനൊരുങ്ങുന്നത്. മുംബ്ര പട്ടണത്തിലെ ഒരു സ്ത്രീയുമായുള്ള വിവാഹം മെയ് അഞ്ചിന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. 2015ല്‍ സലിമിന്റെ പ്രതിശ്രുത വധു, സ്‌ഫോടനക്കേസ് കേള്‍ക്കുന്ന പ്രത്യേക കോടതിയെ വിവാഹം സംബന്ധിച്ച വിവരം അറിയിച്ചിരുന്നു. ഉത്തര്‍പ്രദേശിലേക്കുള്ള തീവണ്ടി യാത്രയ്ക്കിടയില്‍ സലിമിനെ വിവാഹം കഴിച്ചുവെന്ന് 2014ല്‍ അവകാശപ്പെട്ട അതേ സ്ത്രീയാണ് കോടതിയില്‍ ഹരജി നല്‍കിയതെന്ന് പോലിസ് പറഞ്ഞു. 2005ല്‍ പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറിയ സലിം ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷമാണ് സ്‌ഫോടനക്കേസില്‍ സലിമിനെയും മറ്റു നാലുപേരെയും പ്രത്യേക കോടതി ശിക്ഷിച്ചത്.

RELATED STORIES

Share it
Top