അഫ്‌റാസുല്‍ വധം പ്രതിക്ക് കൈയബദ്ധം പറ്റിയതാണെന്ന് പോലിസ്

ജയ്പൂര്‍: രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ വെട്ടി തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയെ ന്യായീകരിച്ച് പോലിസ്. പ്രതി ശംഭുലാലിന് കൈയബദ്ധം പറ്റിയതാണെന്നാണ് പോലിസ് കണ്ടെത്തല്‍. മനപ്പൂര്‍വമല്ല ശംഭുലാല്‍ അഫ്‌റാസുല്‍ ഖാനെ കൊലപ്പെടുത്തിയതെന്നും ആളുമാറിയാണ് കൊന്നതെന്നുമാണ് രാജസ്ഥാന്‍ പോലിസ് സൂപ്രണ്ട് രാജേന്ദര്‍ റാവവിന്റെ വിശദീകരണം.ശംഭുലാല്‍ കൊല്ലാന്‍ തീരുമാനിച്ചത് അജു ശെയ്ഖ് എന്നയാളെയായിരുന്നു. ഇയാള്‍ക്ക് ശംഭുലാലിന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് മുമ്പ് ശംഭുലാല്‍ അജു ശെയ്ഖിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്നും പോലിസ് പറയുന്നു. ചില തൊഴിലാളികളോട് അജു ശെയ്ഖിന്റെ നമ്പര്‍ ശംഭുലാല്‍ ചോദിച്ചിരുന്നു. അജു ശെയ്ഖിന്റെ നമ്പറിന് പകരം അഫ്‌റാസുലിന്റെ നമ്പര്‍ തൊഴിലാളികള്‍ മാറി നല്‍കുകയായിരുന്നുവെന്നും ഇതാണ് ആളുമാറി അഫ്‌റാസുലിനെ കൊലപ്പെടുത്താന്‍ കാരണമെന്നുമാണ് പോലിസ് പറയുന്നത്.പശ്ചിമ ബംഗാളിലെ മാള്‍ഡ സ്വദേശിയായ അഫ്‌റാസുല്‍ ഖാന്‍ (45) ആണ് കൊല്ലപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്ത് അഫ്‌റാസുലിനെ ശംഭുലാല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി മണ്‍വെട്ടിയും മഴുവും ഉപയോഗിച്ച് പിറകില്‍നിന്ന് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അഫ്‌റാസുല്‍ അബോധാവസ്ഥയില്‍ ആയപ്പോഴാണ് മണ്ണെണ്ണയൊഴിച്ചു കത്തിച്ചത്.

RELATED STORIES

Share it
Top