അഫ്‌റാസുല്‍ ഖാന്റെ കുടുംബത്തെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സംഘപരിവാര പ്രവര്‍ത്തകനായ ശംഭുലാല്‍ റായ്ഗര്‍ വെട്ടിയും ചുട്ടും കൊന്ന അഫ്‌റാസുല്‍ ഖാന്റെ പശ്ചിമ ബംഗാളിലുള്ള കുടുംബത്തെ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍, പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

ഈ മാസം 6ന് ലൗജിഹാദ് ആരോപിച്ചാണ് ശംഭുലാല്‍ അഫ്‌റാസുലിനെ  കൊന്നത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള സെയ്ദ്പൂര്‍ സ്വദേശിയാണ് അഫ്‌റാസുല്‍. സംഭവം നടന്നയുടനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എഴംഗ പ്രതിനിധി സംഘം കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇ അബൂബക്കറിന്റെ സന്ദര്‍ശനവേളയില്‍ അഫ്‌റാസുലിന്റെ കുടുംബത്തോടൊപ്പം ഗ്രാമവാസികളും ഒത്തുചേര്‍ന്നു. കുടുംബവുമായി ദുഃഖം പങ്കുവച്ച ഇ അബൂബക്കര്‍ ഒരു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. അഫ്‌റാസുലിന് നീതി ലഭിക്കും വരെ പോപുലര്‍ ഫ്രണ്ട് ഒപ്പമുണ്ടാവുമെന്ന് അദ്ദേഹം വാക്കുനല്‍കി. കുറ്റവാളികളെ ശിക്ഷിക്കണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ഇ അബൂബക്കര്‍ ആവശ്യപ്പെട്ടു.ഗ്രാമവാസികള്‍ ഉള്‍പ്പെടെ 300ഓളം പേര്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാനെ കേള്‍ക്കാന്‍ എത്തിയിരുന്നു. കൊലപാതകം നടന്ന ഉടനെ  സംഭവസ്ഥലം സന്ദര്‍ശിച്ച പോപുലര്‍ ഫ്രണ്ടിന്റെ രാജസ്ഥാന്‍ സംസ്ഥാന നേതാക്കള്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ട സഹായം ചെയ്തിരുന്നു.

RELATED STORIES

Share it
Top