അഫ്‌റാസുലിനെ കൊലപ്പെടുത്തിയത് മുസ്‌ലിമായതിനാലെന്ന് പോലിസ്

ജയ്പൂര്‍: രാജ്യ മനസ്സാക്ഷിയെ പിടിച്ചുലച്ച രാജസ്ഥാനിലെ വര്‍ഗീയ കൊലപാതകത്തിന് അഫ്‌റാസുലിനെ തിരഞ്ഞെടുത്തത് മുസ്്‌ലിം ആയതിനാല്‍. നിഷ്‌കളങ്കനായ ഒരു കുടിയേറ്റക്കാരനായിരുന്നു അഫ്‌റാസുല്‍. ജീവിക്കാനായി പശ്ചിമബംഗാളില്‍ നിന്ന് രാജസ്ഥാനിലെത്തിയ ഒരു തൊഴിലാളി. ഇസ്‌ലാം മതവിശ്വാസി എന്നതു മാത്രമാണ് അയാളെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് പോലിസ് പറയുന്നത്. ഇന്ത്യ ഇതുവരെ ദര്‍ശിക്കാത്ത ക്രൂരകൃത്യമാണു നടന്നതെന്നു രാജസ്ഥാന്‍ പോലിസ് തന്നെ വ്യക്തമാക്കുന്നു. മനസ്സ് മരവിപ്പിക്കുന്ന കൊലപാതകവും മനസ്സാക്ഷിക്കുത്തില്ലാതെ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും ഞെട്ടിക്കുന്നതാണെന്നും ഇത്തരമൊരു ക്രൂരതയും മസ്തിഷ്‌ക പ്രക്ഷാളനവും തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാജസ്ഥാന്‍ എഡിജിപി പങ്കജ് കുമാര്‍ സിങ് പറഞ്ഞു. കൊല്ലപ്പെട്ട അഫ്‌റാസുലിന് ലൗജിഹാദുമായി ബന്ധമില്ല. ഒരു ഹിന്ദു സ്ത്രീയുമായും ഇയാള്‍ക്ക് ബന്ധമില്ലെന്നും പോലിസ് സ്ഥിരീകരിക്കുന്നുണ്ട്. 15 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഹോദരനൊപ്പം ജോലി തേടി ഇയാള്‍ രാജസ്ഥാനിലെത്തുന്നത്. ബീഡിവലിയല്ലാതെ മറ്റൊരു ദുശ്ശീലവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തോടൊപ്പം താമസിച്ച മരുമകന്‍ ഇനാവുല്‍ ശെയ്ഖ് പറയുന്നു. നാട്ടുകാരില്‍ പലര്‍ക്കും തൊഴില്‍ കണ്ടെത്തി നല്‍കിയിരുന്ന അഫ്‌റാസുല്‍ 24 തൊഴിലാളികളോടൊപ്പമാണ് നാല് മുറികളുള്ള വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്നത്.മൂന്നു മക്കളുടെ പിതാവായ അദ്ദേഹം ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. തൊഴിലാളികളെ ജോലിക്ക് ലഭിക്കുന്ന ജാല്‍ ചക്കിയില്‍ പോയി ആരോടു ചോദിച്ചാലും അഫ്‌റാസുലിനെ കുറിച്ച് നല്ലതു മാത്രമേ പറയൂ. 13 വര്‍ഷമായി അവര്‍ക്കൊക്കെ അഫ്‌റാസുലിനെ അറിയാം- ഇനാവുല്‍ ശെയ്ഖ് പറഞ്ഞു. ലൗ ജിഹാദ് നടത്താന്‍ അഫ്‌റാസുല്‍ ഉറച്ച മതവിശ്വാസിപോലുമായിരുന്നില്ലെന്നും വെള്ളിയാഴ്ച ജുമുഅക്ക് പോയാല്‍ ആയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.31കാരനായ ശംഭു ലാല്‍ റെയ്ഗറാണ് കുടിയേറ്റ തൊഴിലാളി അഫ്‌റാസുലിനെ മൃഗീയമായി കൊലപ്പെടുത്തിയത്.  ലൗജിഹാദ് സംബന്ധിച്ചു നടക്കുന്ന പല വ്യാജപ്രചാരണങ്ങളും വിശ്വസിച്ചാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത് എന്നാണു കരുതുന്നത്.

RELATED STORIES

Share it
Top