അഫ്രിന്‍ നഗരം തുര്‍ക്കി സൈന്യം പിടിച്ചെടുത്തു

ആങ്കറ: സിറിയയിലെ കുര്‍ദ് കേന്ദ്രമായ അഫ്രിന്‍ നഗരം തുര്‍ക്കിസേനയും വിമതസേനയായ ഫ്രീ സിറിയന്‍ ആര്‍മി (എഫ്എസ്എ)യും ചേര്‍ന്നു പിടിച്ചെടുത്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചു. അഫ്രിന്‍ നഗരകേന്ദ്രത്തില്‍ തുര്‍ക്കി പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കി സൈന്യം പുറത്തുവിട്ടു. തുര്‍ക്കി സൈന്യവും ഫ്രീ സിറിയന്‍ ആര്‍മിയും ചേര്‍ന്നു നഗരകേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സൈന്യം ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. പ്രദേശത്ത് പാകിയിരിക്കാനിടയുള്ള കുഴിബോംബുകളും മറ്റും കണ്ടെത്താനായി വിദഗ്ധ സംഘം തിരച്ചില്‍ നടത്തുകയാണെന്നും സൈന്യം അറിയിച്ചു.
ഞായറാഴ്ച രാവിലെ പ്രാദേശിക സമയം എട്ടരയോടെയാണ് നഗരത്തിന്റെ നിയന്ത്രണം കുര്‍ദ് വിമതരില്‍ നിന്നു പിടിച്ചെടുത്തത്. തുര്‍ക്കി സൈന്യം നഗരത്തിലെ തെരുവുകളിലൂടെ വിജയചിഹ്നമുയര്‍ത്തി സ്വതന്ത്രമായി സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളില്‍ വിജയക്കൊടി നാട്ടിയതിന്റെ ദൃശ്യങ്ങള്‍ എഫ്എസ്എയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
കഴിഞ്ഞ ഒരാഴ്ചയായി നഗരകേന്ദ്രം തുര്‍ക്കി സൈന്യം വളഞ്ഞിരിക്കുകയായിരുന്നു. ജനുവരിയിലാണ് തുര്‍ക്കി സൈന്യം പ്രാദേശിക സൈന്യത്തിന്റെ സഹായത്തോടെ അഫ്രിനെതിരായ ആക്രമണം ആരംഭിച്ചത്. തുര്‍ക്കിയുടെ അതിര്‍ത്തിപ്രദേശമായ സിറിയയിലെ അഫ്രിനില്‍ യുഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് വൈപിജിക്കെതിരേയായിരുന്നു തുര്‍ക്കി സേനയുടെ ആക്രമണം. വൈപിജി തുര്‍ക്കിയലെ കുര്‍ദ് വിമതര്‍ക്ക് സഹായം നല്‍കുന്നുവെന്നാണ് തുര്‍ക്കിയുടെ ആരോപണം. അഫ്രിന് ശേഷം അമേരിക്കന്‍ സൈനികതാവളമുള്ള മന്‍ബിജ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ആക്രമിക്കുമെന്നും തുര്‍ക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയ ഗൂത്തയില്‍ നിന്നും പലായനം തുടരുകയാണ്.  ഗൂത്തയടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയതായി  അസദ് സൈന്യം അവകാശപ്പെട്ടു.

RELATED STORIES

Share it
Top