അഫ്ഗാന്‍: ഫറാ നഗരത്തില്‍ സംഘര്‍ഷം രൂക്ഷം

കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ സ്വാധീന മേഖലയായ ഫറാ നഗരത്തില്‍ അഫ്ഗാന്‍ സേനയുടെ ശക്തമായ ആക്രമണം. താലിബാനില്‍ നിന്നു മേഖല പിടിച്ചെടുക്കുകയാണ് ആക്രമണലക്ഷ്യമെന്ന് അഫ്ഗാന്‍ സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ മേഖലയിലെ പ്രധാന നഗരവും സമീപപ്രദേശ നിയന്ത്രണവും താലിബാന്‍ സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് അഫ്ഗാന്‍സേന ആക്രമണം ശക്തമാക്കിയത്.
ആക്രമണത്തില്‍ 10 താലിബാന്‍ പ്രവര്‍ത്തകരും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വക്താവ് മുഹമ്മദ് റദ്മാനിഷ് പറഞ്ഞു. കാന്തഹാറില്‍ നിന്നും മറ്റും എത്തിയ കമാന്‍ഡോകളുടെയും വിദേശ സൈനികരുടെയും നേതൃത്വത്തിലാണ് ആക്രമണമെന്നും ഒരു ദിവസത്തോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് നാജിബ് ഡാനിഷ് അറിയിച്ചു.
അതേസമയം, നഗരത്തിനകത്ത് കാര്യങ്ങള്‍ വളരെ മോശമാണെന്നും സ്ഥിതി ശാന്തമാവുമെന്നു തോന്നുന്നില്ലെന്നും മേഖലയിലെ ഗോത്രനേതാവ് സത്താര്‍ ഹിസൈനി പറഞ്ഞു.നഗരത്തിനകത്ത് ഒളിച്ചിരിക്കുന്ന താലിബാന്‍ പ്രവര്‍ത്തകരെ കണ്ടെത്തുകയെന്നത് പ്രയാസകരമാണെന്നും ശക്തിയേറിയ ആയുധങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ഫറാ ഗവര്‍ണര്‍ അബ്ദുല്‍ ബാസിര്‍ സാലങ്കിയും വ്യക്തമാക്കി.
അതേസമയം, നഗരത്തിനുള്ളില്‍ സുരക്ഷിതരും ശാന്തരുമാണെന്നു കാണിച്ച് താലിബാന്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചു. കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവര്‍ അവകാശപ്പെട്ടു.

RELATED STORIES

Share it
Top