അഫ്ഗാന്‍ നഗരത്തില്‍ ബോംബാക്രമണവും വെടിവയ്പും ജലാലാബാദില്‍ ഒമ്പതു മരണം

കാബൂള്‍: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദിലുണ്ടായ ബോംബാക്രമണത്തിലും വെടിവയ്പിലും ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരിക്കേറ്റു. കസ്റ്റംസ് വകുപ്പ് ഓഫിസിന് സമീപമായിരുന്നു സ്‌ഫോടനങ്ങള്‍. ഇവ ആസൂത്രിതമായി സംഘടിപ്പിച്ചവയാണെന്നു നാങര്‍ഹാര്‍ പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് അത്താഹെല്ലാ ഖോഗ്യാനി പറഞ്ഞു.
ബോംബാക്രമണത്തെ തുടര്‍ന്ന് അഫ്ഗാന്‍ സൈന്യവും സായുധരും ഏറ്റുമുട്ടല്‍ തുടരുന്നതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കസ്റ്റംസ് ഓഫിസ് കെട്ടിടത്തിന്റെ കവാടത്തിനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം. ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ധരിച്ചെത്തിയവരായിരുന്നു ആക്രമണം നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചു. ആദ്യ സ്‌ഫോടനത്തിനു പിറകെ കൂടുതല്‍ അക്രമികള്‍ കെട്ടിടത്തിന്റെ പരിസരത്ത് വെച്ച് വെടിവയ്പ് നടത്തിയതായി പ്രവിശ്യാ കൗണ്‍സില്‍ അംഗം സുഹ്‌റബ് ഖാദിരി അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. അഫ്ഗാനില്‍ അടുത്തിടെ നടന്ന സമാന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസോ, താലിബാനോ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അഫ്ഗാനില്‍ മുസ്‌ലിം പള്ളിക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഒരു സംഘടനകളും ഏറ്റെടുത്തിരുന്നില്ല.

RELATED STORIES

Share it
Top