അഫ്ഗാന്‍കാരന്റെ നാടുകടത്തല്‍ തടഞ്ഞ് സ്വീഡിഷ് വിദ്യാര്‍ഥിനി

സ്റ്റോക് ഹോം: വിമാനത്തിനകത്തെ ഒറ്റയാള്‍ പ്രതിഷേധത്തിലൂടെ സ്വീഡിഷ് വിദ്യാര്‍ഥിനി അഫ്ഗാന്‍ വംശജനെ സ്വീഡനില്‍ നിന്ന് നാടുകടത്തുന്നതു തടഞ്ഞു. ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തിലാണു സംഭവം. തുര്‍ക്കിയിലേ—ക്കുള്ള വിമാനത്തിലായിരുന്നു  നാടുകടത്തപ്പെടാനിരുന്ന അഫ്ഗാന്‍കാരനും വിദ്യാര്‍ഥിനിയും. അഫ്ഗാന്‍കാരനെ വിമാനത്തില്‍ നിന്നു പുറത്തിറക്കാതെ താന്‍ സീറ്റിലിരിക്കില്ലെന്നു വ്യക്തമാക്കി പെണ്‍കുട്ടി ഒറ്റയാള്‍ സമര—ത്തിനിറങ്ങുകയായിരുന്നു.
ഗോഥന്‍ബര്‍ഗ് സര്‍വകലാശാലാ വിദ്യാര്‍ഥിനിയും സാമൂഹിക പ്രവര്‍ത്തകയുമായ എലിന്‍ എര്‍സണ്‍ ആണ് രാഷ്ട്രീയാഭയം തേടി സ്വീഡനിലെത്തിയ അഫ്ഗാന്‍കാരന്റെ രക്ഷകയായത്. എലിന്‍ എര്‍സണ്‍ ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് മൊബൈലില്‍ ഫേസ്ബുക്ക് ലൈവ് തുടങ്ങി. അഞ്ച് ലക്ഷത്തോളം ഹിറ്റുകളാണ് എലിന്റെ വീഡിയോ—ക്ക് കിട്ടിയത്.
നിരവധി യാത്രക്കാര്‍ അഫ്ഗാന്‍കാരനോടും എലിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും അഫ്ഗാന്‍കാരനോട് സഹാനുഭൂതി പ്രകടിപ്പിച്ചും രംഗത്തെത്തി. ഒരു വിമാന ജീവനക്കാരന്‍ ലൈവ് നിര്‍ത്താനും ഇരിക്കാനും എലിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുവെങ്കിലും എലിന്‍ കൂട്ടാക്കിയില്ല. ഇതിനിടെ ഇംഗ്ലീഷുകാരനായ ഒരു യാത്രക്കാരന്‍ എലിന്റെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. നിങ്ങളുടെ സമയമാണോ, ഒരാളുടെ ജീവനാണോ ഏറ്റവും വലുത് എന്നാണ് എലിന്‍ അയാളോടു ചോദിച്ചത്. ഏറെ നേരത്തെ സംഘര്‍ഷ ശേഷം അഫ്ഗാന്‍കാരനെ പുറത്തിറക്കിയതോടെ വിമാനത്തിലെ യാത്രക്കാര്‍ നിറഞ്ഞ കൈയടികളോടെ പ്രതികരിച്ചു.
സ്വീഡനിലെ ശക്തമായ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ സജീവമാണ് എലിന്‍ എര്‍സണ്‍. സപ്തംബറില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന തീവ്ര വലതുപക്ഷക്കാരായാ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ കുടിയേറ്റവിരുദ്ധ പ്രചാരണത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാസം മറ്റൊരു അഫ്ഗാന്‍കാരന്‍ വിമാനത്തില്‍ ഉറക്കെ ബഹളമുണ്ടാക്കി പ്രതിഷേധമുയര്‍ത്തി, നാടുകടത്തില്‍ നിന്ന് ഒഴിവായിരുന്നു. ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തില്‍ തന്നെയായിരുന്നു അതും.

RELATED STORIES

Share it
Top