അഫ്ഗാനെ തുരത്തി ഇന്ത്യക്ക് ചരിത്ര ജയം; പിറന്നത് റെക്കോഡ്


ബംഗളൂരു: അഫ്ഗാനിസ്താനെതിരായ ചരിത്ര ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര ജയം. ഇന്നിങ്‌സിനും 262 റണ്‍സിനുമാണ് ഇന്ത്യ പട വിജയം അക്കൗണ്ടിലാക്കിയത്. ഇന്ത്യ പടുത്തുയര്‍ത്തിയ 474 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ അഫ്ഗാന്റെ ഒന്നാം ഇന്നിങ്‌സ് 109 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെ ബൗളിങാണ് അഫ്ഗാന്റെ നടുവൊടിച്ചത്. രവീന്ദ്ര ജഡേജസ, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്‌സില്‍ 365 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സിനിറങ്ങാതെ അഫ്ഗാനിസ്താനെ ഫോളോ ഓണിന് ക്ഷണിച്ചു. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ബൗളിങ് കരുത്തിന് മുന്നില്‍ അഫ്ഗാനിസ്താന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇന്ത്യയുടെ സ്പിന്‍ കുരുക്കിന് മുന്നില്‍ വീണ അഫ്ഗാന്‍ 38.4 ഓവറില്‍ 103 റണ്‍സിന് കൂടാരം കയറിയതോടെ ഇന്നിങ്‌സിനും 262 റണ്‍സിനും ജയം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു. അഫ്ഗാനിസ്താന് വേണ്ടി ഹഷ്മത്തുല്ല ഷാഹിദി (36*) രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ നിന്നു. ഇന്ത്യക്കുവേണ്ടി ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ് മൂന്നും ഇഷാന്ത് ശര്‍മ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്റെയും (107) മുരളി വിജയിയുടെയും (105) സെഞ്ച്വറിയാണ് ഇന്ത്യക്ക് കരുത്തായത്. ഹര്‍ദിക് പാണ്ഡ്യ (71), കെ എല്‍ രാഹുല്‍ (54) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. ധവാനാണ് കളിയിലെ താരം.
കിരീട വിജയികള്‍ക്കുള്ള ട്രോഫികള്‍ക്കൊപ്പം അഫ്ഗാനിസ്താന്‍ താരങ്ങളെ ഫോട്ടോ എടുക്കാന്‍ ക്ഷണിച്ച് ഇന്ത്യന്‍ താരങ്ങള്‍ കൈയടി നേടി.

റെക്കോഡിട്ട് ഇന്ത്യ
ടെസ്റ്റിന്റെ രണ്ടാം ദിനം ആകെ പിറന്നത് 24 വിക്കറ്റുകളാണ്. ഇന്ത്യയുടെ നാല് വിക്കറ്റും അഫ്ഗാനിസ്താന്റെ 20 വിക്കറ്റും. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ദിവസം 24 വിക്കറ്റുകള്‍ വീണതോടെ റെക്കോഡും പിറന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരു ദിവസം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴുത്തുന്ന മൂ്ന്നാം മല്‍സരം എന്ന റെക്കോഡാണ് ഈ മല്‍സരത്തിലൂടെ പിറന്നത്. ഇതിന് മുമ്പ് 1988ല്‍ നടന്ന ഇംഗ്ലണ്ട് - ആസ്‌ത്രേലിയ മല്‍സരത്തിന്റെ രണ്ടാം ദിനം 27 വിക്കറ്റുകള്‍ വീണതാണ് ഈ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത്. 1902ലെ ഇംഗ്ലണ്ട് - ഓസീസ് മല്‍സരത്തില്‍ 25 വിക്കറ്റുകള്‍ വീണിരുന്നു.

RELATED STORIES

Share it
Top