അഫ്ഗാനിസ്താന്‍ : കാര്‍ബോംബാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടുലശ്കര്‍ ഗാഹ്: അഫ്ഗാനിസ്താനില്‍ ഹെല്‍മന്ദ് പ്രവിശ്യാ തലസ്ഥാനമായ ലശ്കര്‍ ഗാഹില്‍ ബാങ്കിനു സമീപമുണ്ടായ കാര്‍ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ലശ്കര്‍ ഗാഹിലെ ന്യൂ കാബൂള്‍ ബാങ്ക്് ശാഖയ്ക്കു സമീപമായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ബാങ്കില്‍ ശമ്പളം വാങ്ങാനെത്തിയ സുരക്ഷാ സൈനികരും ബാങ്ക് ജീവനക്കാരും ഉള്‍പ്പെടുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഒമര്‍ സ്വാക് അറിയിച്ചു.  സ്‌ഫോടനസമയത്ത് അഫ്ഗാന്‍ ദേശീയ സേനയുടെ നിരവധി അംഗങ്ങള്‍ ബാങ്കിനകത്തുണ്ടായിരുന്നു. ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിയമര്‍ന്നു്. രാജ്യത്തെ സുരക്ഷാസേനാംഗങ്ങളുടെ ശമ്പളം വിതരണം ചെയ്യുന്നതിനു ചുമതലയുള്ള ന്യൂ കാബൂള്‍ ബാങ്ക് ശാഖകള്‍ക്കു നേര്‍ക്ക് ഇതിനു മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കിനകത്ത് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പുറത്തുണ്ടായ കാര്‍ബോംബ് ആക്രമണം തടയുന്നതില്‍ പരാജയപ്പെടുകയായിരുന്നെന്ന്് പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.  അഫ്ഗാനില്‍ പ്രവിശ്യാ കേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ലശ്കര്‍ ഗാഹിലേതെന്നാണു വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ഗര്‍ദേസ് നഗരത്തില്‍ ബാങ്കിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ ലശ്കര്‍ ഗാഹിലെ മറ്റൊരു ബാങ്ക് ശാഖയ്ക്കു സമീപമുണ്ടായ കാര്‍ബോംബാക്രമണത്തില്‍ ആറുപേരും കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top