അഫ്ഗാനില്‍ ആറ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനില്‍ ഇന്ത്യക്കാരായ ആറ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരെ അജ്ഞാത സായുധസംഘം തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്ട്. പുലെ ഖുമ്‌രി നഗരത്തിനു സമീപമുള്ള ഉള്‍നാടന്‍ ഗ്രാമമായ ബാഗെ ശമലില്‍ ഇന്നലെ രാവിലെയാണു സംഭവം.
മേഖലയില്‍ വൈദ്യുതി വിതരണ ടവറുകള്‍ സ്ഥാപിക്കുന്ന കെഇസി ഇന്റര്‍നാഷനല്‍ എന്ന ഇന്ത്യന്‍ കമ്പനിയിലെ ജീവനക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ഡാ അഫ്ഗാനിസ്താന്‍ ബ്രഷ്‌ന ഷേര്‍കത്ത് എന്ന കമ്പനിക്കു വേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം ഇന്ത്യന്‍ പൗരന്മാര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് ഡാ അഫ്ഗാനിസ്താന്‍ ബ്രഷ്‌ന ഷേര്‍കത്ത്. തട്ടിക്കൊണ്ടുപോയവരില്‍ അഫ്ഗാന്‍ പൗരനായ ഡ്രൈവറും ഉള്‍പ്പെടും. ബാഗെ ശമലില്‍ നിര്‍മിക്കുന്ന വൈദ്യുതിനിലയത്തില്‍ ജോലിക്കെത്തിയ എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയാണ് കടത്തിക്കൊണ്ടുപോയത്. പതിനഞ്ചിലധികം വരുന്ന സായുധരാണ് സംഭവത്തിനു പിന്നിലെന്ന് ബഗ്‌ലാന്‍ പോലിസ് അറിയിച്ചു.
താലിബാനാണ് ഇതിനു പിന്നിലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ബഗ്‌ലാനും പുലെ ഖുമ്‌രി പട്ടണവും താലിബാന്റെ സ്വാധീനമേഖലകളാണ്. ബഗ്‌ലാനില്‍ സുരക്ഷാസേനയും താലിബാനും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അതേസമയം, ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താലിബാന്‍ തയ്യാറായില്ല.
അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോചനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനുശേഷം അഫ്ഗാന്‍ ഭരണകൂടവുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് വിദേശകാര്യവക്താവ് അറിയിച്ചു. അതിനിടെ, സംഭവത്തിനു പിന്നില്‍ സായുധസംഘമായ ഐഎസാണെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. 2016ല്‍ നിര്‍മാണത്തൊഴിലാളികളായ രണ്ടുപേരെ താലിബാന്‍ തട്ടിക്കൊണ്ടുപോയി 40 ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു.

RELATED STORIES

Share it
Top