അഫ്ഗാനില്‍ ആക്രമണ പരമ്പര: 27 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹില്‍ സൈനിക ചെക്‌പോസ്റ്റിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. താലിബാന്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നു സൈന്യം അറിയിച്ചു.
തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്ദില്‍ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു. ഹെല്‍മന്ദിലെ നാദ് അലി ജില്ലയിലെ സൈനികകേന്ദ്രത്തിലായിരുന്നു ആദ്യ കാര്‍ബോംബ് ആക്രമണം. സ്‌ഫോടകവസ്തു നിറച്ച് വാഹനത്തിലെത്തിയ താലിബാന്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നു സൈന്യം അറിയിച്ചു. ഹെംലാന്ദ് പ്രവിശ്യാ തലസ്ഥാനം ലഷ്‌കര്‍ ഗാഹിലായിരുന്നു രണ്ടാമത്തെ കാര്‍ബോംബ് ആക്രമണം. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ബോംബാക്രമണത്തില്‍ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. നഗരത്തില്‍ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ് ഇന്നലെ കാലത്ത് ആക്രമണമുണ്ടായത്. നാറ്റോ കാര്യാലയവും യുഎസ് എംബസിയും സ്‌ഫോടനസ്ഥലത്തു നിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ്.

RELATED STORIES

Share it
Top