അപ്രോച്ച് റോഡ് നിര്‍മാണം; ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവൃത്തികള്‍ തുടങ്ങിയില്ല

തൃശൂര്‍: ദിവാന്‍ജിമൂല മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകുന്നു. അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വകുപ്പ്തല നടപടികള്‍ പൂര്‍ത്തിയാകാത്താണ് നിര്‍മ്മാണപ്രവൃത്തികള്‍ ഒരു മാസം പിന്നിട്ടിട്ടും തുടങ്ങാനാവാത്തത്.
8 കോടി 6 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് 30 നാണ് നടന്നത്. എന്നാല്‍ നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ തിരക്കിട്ട് നടത്തിയെങ്കിലും വകുപ്പതല നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അവശേഷിച്ച നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെടുകയായിരുന്നു.
കാസര്‍കോഡ് സ്വദേശിയാണ് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്‌കെച്ച് ഉള്‍പ്പെടയുള്ള ലെവല്‍സ് നടപടികള്‍ പുരോഗിമിക്കുകയാണെന്നും അടുത്താഴ്ച അപ്രോച്ച് റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനാകുമെന്ന് കരാറുകാരന്‍ അറിയിച്ചു. അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി 28 സെന്റ് സ്ഥലമാണ് ആവശ്യമായുള്ളത്.
ഇതില്‍ ഒമ്പതര സെന്റ് സ്ഥലം നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനായി അഞ്ച് കോടിരൂപയാണ് കോര്‍പറേഷന്‍ അനുവദിച്ചിരിക്കുന്നത്. അറുന്നൂറ് മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നത്. കോര്‍പ്പറേഷന്‍ നേരിട്ടാണ് നിര്‍മ്മാണം നടത്തുന്നത്.
പൂത്തോള്‍ റെയില്‍വേ മേല്‍പ്പാലത്തിനും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനുമടക്കം 20 കോടിയോളം രൂപയാണ് കോര്‍പ്പറേഷന്‍ ചെലവഴിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം വികസന ഫണ്ട് ഉപയോഗിച്ച് 20 കോടി മുടക്കി റെയില്‍വേ മേല്‍പ്പാലവും അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നത്. ഇതില്‍ റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിട്ടുണ്ട്.

RELATED STORIES

Share it
Top