അപ്രോച്ച് റോഡില്ല; കാവടം പാലം നോക്കുകുത്തിനടവയല്‍: കണിയാമ്പറ്റ, നടവയല്‍, പൂതാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതിന് ചീക്കല്ലൂര്‍ കാവടം പുഴയ്ക്കു കുറുകെ 15 വര്‍ഷം മുമ്പ് കോടികള്‍ മുടക്കി നിര്‍മിച്ച പാലം ബന്ധപ്പെട്ടവരുടെ നിസ്സംഗത മൂലം ആര്‍ക്കും ഉപകരിക്കാതെ പോവുന്നു. പാലത്തിലേക്ക് പ്രവേശിക്കാന്‍ അപ്രോച്ച് റോഡ് നിര്‍മാണം വൈകുന്നതാണ് ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാക്കുന്നത്. ഇടത് ഭരണകാലത്ത് എംഎല്‍എ ആയിരുന്ന എം വി ശ്രേയാംസ് കുമാറിന്റെ ശ്രമഫലമായാണ് പാലത്തിന് പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫ് തറക്കല്ലിട്ടത്. യുദ്ധകാലാടിസ്ഥാനത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം നിയമക്കുരുക്കിലായി. വയലില്‍ കൂടി അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി എട്ടുമീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കുകയും നാട്ടുകാര്‍ ശ്രമദാനമായി വഴിവെട്ടി മണ്ണിടല്‍ പ്രവൃത്തി തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, 12 മീറ്റര്‍ വീതിയില്‍ അധികം മണ്ണിട്ടതു ചോദ്യംചെയ്ത് സ്വകാര്യ വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ അപ്രോച്ച് റോഡ് നിര്‍മാണം നിലച്ചത്. ഇതിനിടെ ഭരണം മാറി യുഡിഎഫ് അധികാരത്തില്‍ വന്നു. എം വി ശ്രേയാംസ്‌കുമാര്‍ റോഡിന്റെ നിയമക്കുരുക്കുകള്‍ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കണിയാമ്പറ്റ പഞ്ചായത്ത് പ്രശനത്തില്‍ ഇടപെട്ടു. നിരവധി ചര്‍ച്ചകള്‍ക്കു ശേഷം കേസ് ഒഴിവായി. എന്നാല്‍, റോഡ് നിര്‍മാണം ആരംഭിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും വോട്ട് പിടിച്ചതും റോഡും പാലവും യാഥാര്‍ഥ്യമാക്കും എന്ന ഉറപ്പിന്‍മേലാണ്. എന്നാല്‍, നാളിതുവരെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വികരിച്ചത്. അപ്രോച്ച് റോഡ് യാഥാര്‍ഥ്യമായാല്‍ നടവയല്‍, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പനമരം, സുല്‍ത്താന്‍ ബത്തേരി ചുറ്റാതെ 18 കിലോമീറ്റര്‍ ദൂരം കൊണ്ട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ എത്താന്‍ കഴിയും. കണിയാമ്പറ്റ പഞ്ചായത്തിലെ നടവയല്‍, നെല്ലിയമ്പം പ്രദേശവാസികള്‍ക്ക് പനമരം ചുറ്റാതെ നേരിട്ട് കണിയാമ്പറ്റയുമായി ബന്ധപ്പെടാനും സാധിക്കും. എന്നിരിക്കെ, സര്‍ക്കാരോ ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top