അപ്രതീക്ഷിത നീക്കങ്ങള്‍ നേരിടാന്‍ തയ്യാര്‍

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ ഏത് അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. ശത്രുക്കള്‍ക്കെതിരേ രക്തം ചിന്തുന്ന പോരാട്ടത്തിന് ചൈന തയ്യാറാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനു മറുപടിയുമായാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
ഏതു അപ്രതീക്ഷിത സാഹചര്യവും നേരിടാന്‍ ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണ്. സൈന്യം ശക്തമായ ജാഗ്രത പാലിക്കുകയാണ്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം തുടരുകയാണെന്നും രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭൂപ്രദേശം സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതിര്‍ത്തിയിലെ നിലവിലുള്ള സാഹചര്യത്തിനു മാറ്റംവരുത്താനുള്ള ചൈനയുടെ ഏത് ശ്രമവും ദോക്‌ലാമിന് സമാനമായ സംഘര്‍ഷ സാഹചര്യത്തിലേക്ക് നയിക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി ഗൗതം ബംബവാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതികരണം വെറും സൈനികം മാത്രമല്ലെന്നും അതില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിക്കിം സെക്ടറിലെ ദോക്‌ലാം മേഖലയിലെ തര്‍ക്ക പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം ദോക്‌ലാമില്‍ സംഘര്‍ഷം ഉടലെടുത്തത്. ജൂണ്‍ 16 ഓടെ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് ആഗസ്ത് 28 ഓടെയാണ് അയവുവന്നത്.  ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
ദോക്‌ലാമില്‍ ചൈനീസ് സൈന്യം ഹെലിപ്പാഡുകളും സൈനിക പോസ്റ്റുകളും ട്രഞ്ചുകളും നിര്‍മിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നേരത്തെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ശ്രദ്ധ പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് അതിര്‍ത്തിയിലേക്ക് മാറ്റണമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ജൂണ്‍ 9, 10 ദിവസങ്ങളിലായി ചൈനയിലെ ഗിങ്ദാവോയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി സ്ഥിരീകരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top