അപ്പീല്‍ നല്‍കാന്‍ നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കേസ് നടത്തിപ്പില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പാറ്റൂരില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ച് സ്വകാര്യ നിര്‍മാണ കമ്പനിക്ക് 12.75 സെന്റ് ഭൂമി ലഭ്യമാക്കിയെന്ന ആരോപണത്തിലാണ് അഞ്ചുപേര്‍ക്കെതിരേ വിജിലന്‍സ് കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭരത് ഭൂഷന്‍ ഉള്‍പ്പെടെ അഞ്ച് പേരായിരിന്നു കേസിലെ പ്രതികള്‍. ഇതിനെതിരേ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. വ്യക്തമായ തെളിവുകളില്ലാതെ ഊഹാപോഹങ്ങളുടെയും ചില വകുപ്പുകളുടെ ദുര്‍വ്യാഖ്യാനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത് എന്ന് വിലയിരുത്തിയാണ് കോടതി എഫ്‌ഐആര്‍ റദ്ദാക്കിയത്.വിധിന്യായം പരിശോധിച്ച് അപ്പീല്‍ നല്‍കാനുള്ള സാധ്യത അന്വേഷിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ (എജി) സി പി സുധാകരപ്രസാദിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ട് മുന്നോട്ട് പോവാന്‍ കഴിയാതിരിക്കുന്നതിനിടയില്‍, ഉമ്മന്‍ ചാണ്ടി തന്നെ പ്രതിയായ മറ്റൊരു കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റത് രാഷ്ട്രീയ പ്രഹരമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്. ഈ സാഹചര്യത്തിലാണ് പാറ്റൂര്‍ കേസിലെ അപ്പീല്‍ സാധ്യത വേഗത്തില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമവശങ്ങള്‍ അനൂകൂലമാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സര്‍ക്കാര്‍ കോടതിയില്‍ അപ്പീല്‍ നല്‍കും.

RELATED STORIES

Share it
Top